വയനാട്ടില്‍ സ്വകാര്യ ബസ്സുടമ വിഷം ഉള്ളില്‍ ചെന്ന് മരിച്ച നിലയില്‍

Update: 2021-07-20 01:22 GMT

കല്‍പ്പറ്റ: വയനാട് അമ്പലവയലില്‍ സ്വകാര്യബസ്സുടമയെ വിഷം ഉള്ളില്‍ ചെന്ന് മരിച്ച നിലയില്‍ കണ്ടെത്തി. അമ്പലവയല്‍ കടല്‍മാട് പെരുമ്പാടിക്കുന്ന് പി സി രാജമണി (48)യാണ് മരിച്ചത്. വയനാട് കടല്‍മാട്- സുല്‍ത്താന്‍ ബത്തേരി റൂട്ടിലോടുന്ന ബ്രഹ്മപുത്ര ബസ്സിന്റെ ഉടമയാണ്. കൊവിഡ് മൂലം ഓട്ടം നിലച്ചതോടെ കടുത്ത സാമ്പത്തിക പ്രയാസത്തിലായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഞായറാഴ്ച സുഹൃത്തിനെ ഫോണില്‍ വിളിച്ച് മുന്നറിയിപ്പ് നല്‍കിയ ശേഷമാണ് സംഭവം.

വീടിന് സമീപത്തെ തോട്ടത്തില്‍ വിഷം ഉള്ളില്‍ചെന്ന് അവശനിലയില്‍ കണ്ട രാജ മണിയെ നാട്ടുകാര്‍ മേപ്പാടി വിംസ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ അര്‍ധരാത്രിയോടെ മരിച്ചു. ബസ്സിന്റെ ഓട്ടത്തില്‍നിന്നും ലഭിക്കുന്ന വരുമാനത്തില്‍നിന്നുമാണ് രാജാമണിയുടെ ജീവിതം മുന്നോട്ടുപോയിരുന്നത്. മകളുടെ വിവാഹ ആവശ്യത്തിനും മകന്റെ പഠനത്തിനും സാമ്പത്തിക ബാധ്യത വന്നിരുന്നതായി പറയുന്നുണ്ട്.

മാസങ്ങളായി ബസ് സര്‍വീസ് നടക്കാതിരുന്നതോടെ മറ്റ് വരുമാനമാര്‍ഗങ്ങളില്ലാതെ രാജാമണി മാനസികമായി തകര്‍ന്നിരുന്നതായി പ്രൈവറ്റ് ബസ് ഓപറേറ്റേഴ്‌സ് അസോസിയേഷന്‍ പ്രതിനിധികള്‍ പറയുന്നു. ഞായറാഴ്ച ഇവരിലൊരാളെ വിളിച്ച് താന്‍ പോകുവാണ്, തനിക്ക് ഒരു റീത്ത് വയ്ക്കണമെന്ന് രാജാമണി പറഞ്ഞിരുന്നു. പിന്നീട് വിളിച്ച് വിഷം കഴിച്ചതായി പറയുകയും ചെയ്തു.

ഉടന്‍തന്നെ സമീപവാസികളെ അസോസിയേഷന്‍ പ്രതിനിധി വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തിരച്ചിലിലാണ് വിഷം ഉള്ളില്‍ചെന്ന നിലയില്‍ രാജാമണിയെ കണ്ടെത്തിയത്. ഭര്യ: സുഭദ്ര. മക്കള്‍: സുധന്യ, ശ്രീനാഥ്. മരുമകന്‍: നിതിന്‍. കഴിഞ്ഞ ദിവസം ഇടുക്കി അടിമാലിയിലും ബേക്കറി ഉടമ ആത്മഹത്യചെയ്തിരുന്നു. അടിമാലി ഇരുമ്പുപാലത്ത് ബേക്കറി നടത്തിയിരുന്ന ജി വിനോദാണ് ആത്മഹത്യചെയ്തത്.

Tags: