ജനക്കൂട്ടത്തിനു മുന്നില്‍ വച്ച്‌ വയനാട്ടില്‍ തമിഴ് ദമ്പതികൾക്ക് ക്രൂരമര്‍ദ്ദനം; വീഡിയോ പ്രചരിച്ചതോടെ അന്വേഷണം (video)

Update: 2019-07-23 04:31 GMT

വയനാട്: തമിഴ്‌നാട് സ്വദേശികളായ ദമ്പതികള്‍ക്ക് നടുറോ‍ഡിൽ ക്രൂരമർദനം. മർദന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെ മർദിച്ച അമ്പലവയൽ സ്വദേശിയും ഒാട്ടോഡ്രൈവറുമായ ജീവാനന്ദിനെതിരേ പോലിസ് സ്റ്റേഷനിൽ ഹാജരാവാൻ ആവശ്യപ്പെട്ടു. കഴിഞ്ഞദിവസം രാത്രി അമ്പലവയലിൽ നടുറോഡിലായിരുന്നു സംഭവം. ആദ്യം യുവാവിനെ റോഡുവക്കില്‍ ആളുകള്‍ കാണ്‍കെ ജീവാനന്ദ് മര്‍ദിക്കുകയായിരുന്നു. അടിയേറ്റ് യുവാവ് റോഡില്‍ വീഴുകയും ജീവാനന്ദ് വീണ്ടും മര്‍ദിക്കുകയായിരുന്നു. ഇതു ചോദ്യംചെയ്ത ഭാര്യയോട് 'നിനക്കും വേണോ' എന്നു ചോദിച്ചശേഷം മുഖത്ത് ആഞ്ഞടിക്കുകയായിരുന്നു. അതോടൊപ്പം യുവതിയെ അസഭ്യം പറയുകയും ചെയ്തു. തുടര്‍ന്ന് ജീവാനന്ദിനോടു യുവതി ദേഷ്യപ്പെട്ടതോടെ ഇയാള്‍ സ്ഥലം വിടുകയായിരുന്നു. സംഭവം കണ്ടുനിന്നയാളാണ് മൊബൈല്‍ ഫോണില്‍ ദൃശ്യം പകര്‍ത്തിയത്.ഇയാള്‍ പോയശേഷം അവിടെ കൂടിനിന്ന ആളുകളോടു യുവതി 'നിങ്ങളെല്ലാവരും എന്താ നോക്കിനില്‍ക്കുന്നത്' എന്ന് ചോദിക്കുന്നുണ്ട്.എന്നാല്‍ ആരും പ്രതികരിച്ചില്ല. അതേസമയം നാട്ടുകാരുടെ പരാതിയെത്തുടർന്ന് സംഭവത്തിൽ കേസെടുത്തിട്ടുണ്ട്. വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ ജില്ലാ പോലിസ് മേധാവി സംഭവത്തില്‍ അന്വേഷണം നടത്തുന്നുണ്ട്. മര്‍ദ്ദനകാരണം വ്യക്തമല്ല.


Full View