മാള മേഖലയില്‍ മോഷണങ്ങള്‍ തുടര്‍ക്കഥയാകുന്നു

കൊച്ചുകടവ് മുഹിയിദ്ധീന്‍ മഹല്ല് കമ്മിറ്റിക്ക് കീഴില്‍ റോഡരികില്‍ സ്ഥാപിച്ച പള്ളിക്കുറ്റി കഴിഞ്ഞ ദിവസമാണ് കുത്തിപ്പൊളിച്ചത്. കുണ്ടൂര്‍ റോഡരികിലുള്ള ഭണ്ടാരവും ഇത്തരത്തില്‍ തകര്‍ത്തിരുന്നു.

Update: 2022-02-11 13:05 GMT

മാള: ആരാധനായലങ്ങളുടെ ഭണ്ഡാരങ്ങളും വ്യാപാര സ്ഥാപനങ്ങളുടെയും മറ്റും പൂട്ടുകളും തുറന്നുള്ള മോഷണങ്ങള്‍ മാള മേഖലയില്‍ തുടര്‍ക്കഥയാകുന്നു. കൊച്ചുകടവ് മുഹിയിദ്ധീന്‍ മഹല്ല് കമ്മിറ്റിക്ക് കീഴില്‍ റോഡരികില്‍ സ്ഥാപിച്ച പള്ളിക്കുറ്റി കഴിഞ്ഞ ദിവസമാണ് കുത്തിപ്പൊളിച്ചത്. കുണ്ടൂര്‍ റോഡരികിലുള്ള ഭണ്ടാരവും ഇത്തരത്തില്‍ തകര്‍ത്തിരുന്നു.

കഴിഞ്ഞ ദിവസം പുത്തന്‍ചിറ കിഴക്കേ മഹല്ലിന്റെ കീഴിലുള്ള ഭണ്ടാരവും കുത്തിപ്പൊളിച്ചിട്ടുണ്ട്. കൊടുങ്ങല്ലൂര്‍ പൊയ്യ എരവത്തൂര്‍ അത്താണി നെടുമ്പാശ്ശേരി എയര്‍പോര്‍ട്ട് റോഡരികില്‍ കൊച്ചുകടവ് പള്ളിബസാര്‍ ബസ്സ് സ്‌റ്റോപ്പിനരികില്‍ സ്ഥാപിച്ചിരിക്കുന്ന ഭണ്ഡാരം പലവട്ടം രാത്രിയില്‍ പൂട്ട് തകര്‍ത്ത് മോഷണം നടത്തിയിട്ടുണ്ട്. ഈ ഭണ്ഡാരവും ഇവിടെനിന്നും 300 മീറ്ററോളം നീങ്ങി പള്ളി റോഡ് തുടങ്ങുന്നയിടത്തെ ഗെയ്റ്റിനോട് ചേര്‍ന്ന് സ്ഥാപിച്ച ഭണ്ഡാരവും പൊളിക്കുന്നത് തുടര്‍ക്കഥയായി മാറിയിട്ടുണ്ട്.

എല്ലാ തവണയും മാള പോലിസില്‍ പരാതി നല്‍കാറുണ്ടെങ്കിലും മോഷ്ടാക്കളെ കണ്ടെത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. പള്ളിബസാര്‍ സ്‌റ്റോപ്പിനരികിലെ പള്ളി ഭണ്ഡാരം അടുത്ത വീടിനോട് ചേര്‍ന്ന് ഒരു സി സിടിവി കാമറ സ്ഥാപിച്ചിട്ടുണ്ട്. ഭണ്ടാരങ്ങളില്‍ നിന്നും എത്രത്തോളം തുക നഷ്ടപ്പെട്ടിട്ടുണ്ടെന്ന് കണക്കാക്കിയിട്ടില്ല. കൂടാതെ ചര്‍ച്ചുകളിലും അമ്പലങ്ങളിലും വ്യാപാരഭവനങ്ങളിലും പലവട്ടം മോഷണങ്ങള്‍ നടന്നിട്ടുണ്ട്. എന്നാല്‍ ഈ സംഭവങ്ങളില്‍ ഒന്നിലും ആരെയും പിടികൂടുകയോ അറസ്റ്റ് രേഖപ്പെടുത്തുകയോ ഉണ്ടായിട്ടില്ല. ഇത് മോഷ്ടാക്കള്‍ക്ക് വളമാകുകയാണെന്ന ആക്ഷേപമാണുയരുന്നത്.

Tags: