തട്ടാന്‍ വളവിലെ അപകട ഭീഷണി പരിഹരിക്കാന്‍ നടപടി

പ്രദേശത്തെ സാമൂഹ്യ പ്രവര്‍ത്തകരുടെ ദീര്‍ഘകാലമായുള്ള ആവശ്യം പരിഗണിച്ചാണ് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍ പ്രത്യേകമായി കലുങ്ക് നിര്‍മാണത്തിന് ഫണ്ട് അനുവദിച്ചത്.

Update: 2020-09-08 13:23 GMT

മാള: കോണത്ത്കുന്ന് മാള റോഡില്‍ തട്ടാന്‍ വളവ് ഭാഗത്തുള്ള നിലംപതി സൃഷ്ടിക്കുന്ന അപകട ഭീഷണി പരിഹരിക്കാന്‍ നടപടിയായി. ഒട്ടനവധി അപകടങ്ങള്‍ക്ക് കാരണമായ നിലംപതി മാറ്റി തല്‍സ്ഥാനത്ത് കലുങ്ക് നിര്‍മാണത്തിന് തുടക്കമായി. കഴിഞ്ഞ 40 വര്‍ഷത്തിലേറെയായി ഇതു വഴിയുള്ള ഗതാഗതം ദുര്‍ഘടമായിരുന്നു. മഴക്കാലങ്ങളില്‍ ഉണ്ടാകുന്ന വെള്ളക്കെട്ട് ഈ ഭാഗത്ത് വലിയ അപകട ഭീഷണിയാണ് സൃഷ്ടിച്ചിരുന്നത്. ഇവിടെയുള്ള നിലംപതിയെ കുറിച്ച് അറിയാത്ത യാത്രക്കാര്‍ കുഴിയില്‍ വീണ് അപകടങ്ങള്‍ പതിവായിരുന്നു. പ്രദേശത്തെ സാമൂഹ്യ പ്രവര്‍ത്തകരുടെ ദീര്‍ഘകാലമായുള്ള ആവശ്യം പരിഗണിച്ചാണ് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍ പ്രത്യേകമായി കലുങ്ക് നിര്‍മാണത്തിന് ഫണ്ട് അനുവദിച്ചത്.

ഭൂമിശാസ്ത്രപരമായി ഈപ്രദേശത്തിനുണ്ടായിരുന്ന കുറവുകള്‍ പരിഹരിക്കാനും പദ്ധതി പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുത്തി വെള്ളക്കെട്ട് നിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങള്‍ പൊതുമരാമത്ത് വര്‍ക്കുകളോട് സംയോജിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. വെള്ളാങ്കല്ലൂര്‍ ഗ്രാമപഞ്ചായത്ത് ഭരണസമിതി നടത്തിയ ശ്രമങ്ങളാണ് റോഡിന്റെ പുനഃര്‍നിര്‍മ്മാണം യാഥാര്‍ത്ഥ്യമാക്കിയത്. കൂടാതെ കലുങ്ക് നിര്‍മ്മാണം വഴി 30 ഓളം വീടുകളിലെ വെള്ളക്കെട്ടിനും പരിഹരമാകും.

നിലംപതി പ്രദേശത്ത് എംഎല്‍എ വി ആര്‍ സുനില്‍കുമാര്‍ നിര്‍മാണ പ്രവൃത്തി ഉദ്ഘാടനം ചെയ്തു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. വാര്‍ഡംഗവും ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍മാനുമായ എം കെ മോഹനന്‍, പൊതുമരാമത്ത് ആസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ജെയ്‌സന്‍, അസിസ്റ്റന്റ് എഞ്ചിനീയര്‍ ബിനി തുടങ്ങിയവര്‍ സംബന്ധിച്ചു.

Tags:    

Similar News