അനധികൃത ഹോമിയോ മരുന്ന് വിതരണം പഞ്ചായത്ത് അധികൃതര്‍ തടഞ്ഞു

കൊവിഡ് 19 പ്രതിരോധത്തിനെന്ന വ്യാജേന നടത്തിയ ഹോമിയോ മരുന്ന് വിതരണം പഞ്ചായത്ത് അധികൃതരുടെ ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് മരുന്ന് വിതരണം നിര്‍ത്തിവയ്പിക്കുകയും ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കുകയുമുണ്ടായി.

Update: 2020-04-21 12:29 GMT

മാള(തൃശൂര്‍): സ്വകാര്യ വ്യക്തികള്‍ നടത്തിയ അനധികൃത ഹോമിയോ മരുന്ന് വിതരണം മാള ഗ്രാമപ്പഞ്ചായത്ത് അധികൃതര്‍ ഇടപെട്ട് തടഞ്ഞു. മാളയിലെ മുന്‍ കോണ്‍ഗ്രസ് നേതാവിന്റെ പേരിലുള്ള ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ കുന്നത്തുകാട്, കാവനാട്, സ്‌നേഹഗിരി, ചക്കാംപറമ്പ് പ്രദേശങ്ങളില്‍ ഗ്രാമപഞ്ചായത്തിന്റെയോ ആരോഗ്യ വിഭാഗത്തിന്റെയോ അറിവോ അനുമതിയോയില്ലാതെ നിയമവിരുദ്ധമായും കൊവിഡ് 19 മായി ബന്ധപ്പെട്ട പ്രോട്ടോകോള്‍ പാലിക്കാതെയുമായുള്ള മരുന്ന് വിതരണമാണ് നിര്‍ത്തി വയ്പിച്ചത്. കൊവിഡ് 19 പ്രതിരോധത്തിനെന്ന വ്യാജേന നടത്തിയ ഹോമിയോ മരുന്ന് വിതരണം പഞ്ചായത്ത് അധികൃതരുടെ ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് മരുന്ന് വിതരണം നിര്‍ത്തിവയ്പിക്കുകയും ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കുകയുമുണ്ടായി.

    സ്വകാര്യ വ്യക്തികള്‍ നടത്തിയ മരുന്നുവിതരണത്തിന് ഉപയോഗിച്ച മരുന്ന് മാള ഗ്രാമപ്പഞ്ചായത്ത് ഹോമിയോ ആശുപത്രിയില്‍ നിന്നും ഗ്രാമപഞ്ചായത്തിന്റെ അനുമതിയില്ലാതെ വിതരണം നടത്തിയിട്ടുണ്ടോയെന്ന് പരിശോധിക്കുന്നതിന് പഞ്ചായത്ത് സെക്രട്ടറിയെ ചുമതലപ്പെടുത്തി. ഔദ്യോഗികമല്ലാത്ത ഏജന്‍സികള്‍ നടത്തുന്ന ഇത്തരം മരുന്നുവിതരണം മൂലം പൊതുജനങ്ങള്‍ക്ക് എന്തെങ്കിലും അസ്വസ്ഥതകളുണ്ടാവുകയാണെങ്കില്‍ ആയതിന്റെ പരിപൂര്‍ണ ഉത്തരവാദിത്വം വിതരണക്കാര്‍ക്ക് മാത്രമായിരിക്കുമെന്നും പൊതുജനങ്ങള്‍ ഇത്തരം തട്ടിപ്പുകളില്‍ വീണുപോവാതെ ജാഗ്രത പാലിക്കണമെന്നും ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ശോഭ സുഭാഷ്, വൈസ് പ്രസിഡന്റ് ഗൗരി ദാമോദരന്‍, ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ബിജു ഉറുമീസ്, ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ രാധാ ഭാസ്‌കരന്‍ തുടങ്ങിയവര്‍ അറിയിച്ചു.


Tags: