തൃശൂരില്‍ വ്യാപാരിയെ തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

ഇന്നലെ വൈകീട്ട് നാലരയോടെയാണ് സംഭവം. സുഹൃത്തുമായി സ്ഥാപനത്തിന് പുറത്ത് നിന്നു സംസാരിക്കുന്നതിനിടയിലായിരുന്നു ആക്രമണം. കമ്പിവടി ഉപയോഗിച്ച് തലയ്ക്കടിച്ചപ്പോള്‍ പെട്ടെന്ന് ഒഴിഞ്ഞു മാറിയതിനാലാണ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്.

Update: 2019-09-12 17:48 GMT

മാള: തൃശൂര്‍ ജില്ലയിലെ മാളയില്‍ യുവ വ്യാപാരിയെ തലയ്ക്കടിച്ച് കൊലപെടുത്താന്‍ ശ്രമം. പി കെ ഇലട്രിക്കല്‍സ് ഉടമ പൂവ്വത്തും കടവില്‍ മനാഫിന് (40) നേരെയാണ് ആക്രമണം ഉണ്ടായത്. ഇന്നലെ വൈകീട്ട് നാലരയോടെയാണ് സംഭവം. സുഹൃത്തുമായി സ്ഥാപനത്തിന് പുറത്ത് നിന്നു സംസാരിക്കുന്നതിനിടയിലായിരുന്നു ആക്രമണം. കമ്പിവടി ഉപയോഗിച്ച് തലയ്ക്കടിച്ചപ്പോള്‍ പെട്ടെന്ന് ഒഴിഞ്ഞു മാറിയതിനാലാണ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്.

ഒഴിഞ്ഞു മാറിയപ്പോള്‍ ഇടത് കാലിന് അടിയേല്‍ക്കുകയും എല്ലിന് പൊട്ടലേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഇതേതുടര്‍ന്ന് മാള സാമൂഹ്യാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടിയിരിക്കയാണ് മനാഫ്. തന്നെ അകാരണമായി സ്ഥാപനത്തിനടുത്ത് വെച്ച് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു എന്ന് വ്യാപാരി പറയുന്നു. ഇതിന് മുന്‍പും പലയാവര്‍ത്തി മനാഫിന് നേരെ ഈ വ്യക്തി ആക്രമണം നടത്തിയിട്ടുണ്ട്. പലതവണ മാള പോലിസില്‍ പരാതി നല്‍കിയെങ്കിലും മനോരോഗിയാണ് ആക്രമണകാരിയെന്ന് പറഞ്ഞ് പോലിസ് ഇതുവരെ നടപടികള്‍ ഒന്നും സ്വീകരിച്ചിട്ടില്ലെന്ന് മനാഫ് പറയുന്നു.

സംഭവത്തില്‍ കൊമ്പൊടിഞ്ഞാമാക്കല്‍ സ്വദേശി മൂത്തേടത്ത് സുബിന്‍ (50) എന്നയാള്‍ക്കെതിരെ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മാള യൂണിറ്റ് പരാതി നല്‍കി. പ്രതിയുടെ പേരില്‍ ഒന്നിലധികം കേസുകള്‍ വിവിധ സ്‌റ്റേഷനുകളില്‍ നിലവിലുണ്ട്. കടയ്ക്ക് മുന്നില്‍ വെച്ച് ആക്രമണം നടത്തിയതില്‍ വ്യാപാരികള്‍ ശക്തമായി പ്രതിഷേധിച്ചു. പ്രതിയെ ഉടന്‍ പിടികൂടണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മാള യൂണിറ്റ് പ്രസിഡന്റ് പി ടി പാപ്പച്ചന്‍ ആവശ്യപ്പെട്ടു. 

Tags: