മാള അരവിന്ദന് സ്മാരകം; വാഗ്ദാനം പാഴ്‌വാക്കായി

Update: 2019-01-24 11:52 GMT

മാള: അന്തരിച്ച പ്രമുഖ ചലചിത്ര ഹാസ്യതാരം മാള അരവിന്ദന് സ്മാരകം നിര്‍മിക്കുമെന്ന വാഗ്ദാനം അദ്ദേഹത്തിന്റെ നാലാംവാര്‍ഷികമാകുമ്പോഴും പാഴ്‌വാക്കായി തുടരുന്നു. കഴിഞ്ഞ ബജറ്റിലും സ്മാരകത്തിനായി സര്‍ക്കാര്‍ ഒരു കോടിരൂപ വകയിരുത്തിയിരുന്നു. എന്നാല്‍ സ്മാരകം നിര്‍മിക്കുന്നതിനായി പഞ്ചായത്ത് സ്ഥലം കണ്ടെത്തി നല്‍കാത്തതിനാല്‍ സ്മാരക നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു പോയില്ല. കഴിഞ്ഞ മൂന്നു വര്‍ഷമായി മാള അരവിന്ദന് സ്മാരകം നിര്‍മിക്കണമെന്ന ആവശ്യവുമായി മാള അരവിന്ദന്‍ ഫൗണ്ടേഷന്‍ ബന്ധപ്പെട്ട അധികൃതര്‍ക്ക് കത്ത് നല്‍കി വരുന്നുണ്ട്.

മാള ഗ്രാമപ്പഞ്ചായത്ത് ബസ് സ്റ്റാന്റിനെങ്കിലും അരവിന്ദന്റെ പേരിടണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, യാതൊരു നടപടിയും ഉണ്ടായില്ലയെന്നു മാത്രമല്ല, ബസ്സ്സ്റ്റാന്റിന് മറ്റൊരു നേതാവിന്റെ പേര് നല്‍കാനുള്ള ആലോചനയിലായിരുന്നു ഗ്രാമപ്പഞ്ചായത്ത്. എന്നാല്‍ ഈ നടപടിയില്‍ ഭരണസമിതിയില്‍ ഭിന്നാഭിപ്രായം വന്നതിനാല്‍ തീരുമാനം എടുത്തില്ല. തുടര്‍ന്ന് മാള കടവിലോ വലിയപറമ്പിലോ സ്മാരകം നിര്‍മിക്കാന്‍ മാള അരവിന്ദന്‍ ഫൗണ്ടേഷന്‍ സ്ഥലം ചൂണ്ടി കാണിച്ചു കത്ത് നല്‍കിയെങ്കിലും അതിനു വേണ്ട പ്രവര്‍ത്തനങ്ങള്‍ ഗ്രാമപ്പഞ്ചായത്ത് അധികൃതര്‍ കൈക്കൊണ്ടിട്ടില്ല.

മുസിരിസ് പൈത്യക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ചരിത്രം ഉറങ്ങുന്ന മാള കടവിനെ മാള അരവിന്ദന്‍ ചരിത്രകലാസ്മാരക കടവ് എന്ന് നാമകരണം ചെയ്ത് ഉയര്‍ത്തണമെന്നയാവശ്യം ഉന്നയിച്ചു മാള അരവിന്ദന്‍ ഫൗണ്ടേഷന്‍ സെക്രട്ടറി ഷാന്റി ജോസഫ് തട്ടകത്ത് എംഎല്‍എക്കും ഗ്രാമപ്പഞ്ചായത്തിനും കത്തു നല്‍കിയിട്ടുണ്ട്.


Similar News