അഹിന്ദു ആയതിനാല്‍ നൃത്തപരിപാടിക്ക് വിലക്ക്: കൂടല്‍മാണിക്യം ക്ഷേത്ര തന്ത്രി രാജിവച്ചു

Update: 2022-03-30 04:07 GMT

തൃശൂര്‍: ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ അഹിന്ദു ആയതിനാല്‍ കലാകാരി മന്‍സിയയുടെ നൃത്തപരിപാടിക്ക് അവസരം നിഷേധിച്ചത് വിവാദമായതിന് പിന്നാലെ തന്ത്രി പ്രതിനിധി രാജിവച്ചു. ഭരണസമിതിയില്‍ നിന്നാണ് തന്ത്രി പ്രതിനിധി എന്‍ പി പരമേശ്വരന്‍ നമ്പൂതിരിപ്പാട് രാജിവച്ചത്. മന്‍സിയക്ക് അവസരം നിഷേധിച്ചതില്‍ ക്ഷേത്ര ഭരണസമിതിയില്‍ തര്‍ക്കങ്ങളുണ്ടായിരുന്നു. ഇടതുപക്ഷ പ്രതിനിധി കൂടി നേതൃത്വം നല്‍കുന്ന ഭരണസമിതിയാണ് കൂടല്‍മാണിക്യം ക്ഷേത്രത്തിലുള്ളത്.

പരമേശ്വരന്‍ നമ്പൂതിരിപ്പാട് രാജി നല്‍കിയെന്നും എന്നാല്‍ ഭരണസമിതി രാജി സ്വീകരിച്ചിട്ടില്ലെന്നുമാണ് ദേവസ്വം ചെയര്‍മാന്‍ യു പ്രദീപ് മേനോന്റെ പ്രതികരണം. ആരോഗ്യപ്രശ്‌നങ്ങളാലാണ് രാജിയെന്ന് കത്തില്‍ പറയുന്നു. വിവാദങ്ങള്‍ക്കിടയില്‍ ബുധനാഴ്ച ക്ഷേത്രം തന്ത്രിമാരുടെ ഒരു യോഗം ഭരണസമിതി വിളിച്ചുചേര്‍ത്തിട്ടുണ്ട്. തന്ത്രി പ്രതിനിധിയുടെ രാജിയും ഇതില്‍ ചര്‍ച്ചചെയ്യുമെന്നാണ് വിവരം. ഏപ്രില്‍ 21ന് ആറാം ഉല്‍സവദിനത്തില്‍ ഉച്ചക്കുശേഷം നാല് മുതല്‍ അഞ്ചുവരെ ഭരതനാട്യം അവതരിപ്പിക്കാന്‍ നോട്ടീസിലടക്കം പേര് അച്ചടിച്ച ശേഷമാണ് ക്ഷേത്ര ഭാരവാഹികള്‍ മന്‍സിയക്ക് അവസരം നിഷേധിച്ചത്.

അഹിന്ദു ആയത് കൊണ്ടാണ് ക്ഷേത്ര മതില്‍ക്കെട്ടിന് അകത്തുനടക്കുന്ന പരിപാടിയില്‍ നിന്നും ഒഴിവാക്കേണ്ടിവന്നതെന്നാണ് സംഘാടകരുടെ വിശദീകരണം. അതേസമയം, മന്‍സിയക്ക് പിന്തുണയുമായി ഹിന്ദു ഐക്യവേദി രംഗത്തെത്തിയിട്ടുണ്ട്. മതത്തിന്റെയും ജാതിയുടെയും അടിസ്ഥാനത്തില്‍ കലാകാരിക്ക് അവസരം നിഷേധിക്കരുതെന്നും നിലപാട് തിരുത്തണമെന്നും ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി രമേശ് കൂട്ടാല പറഞ്ഞു.

Tags: