കരിങ്ങോള്‍ച്ചിറയിലെ താല്‍ക്കാലിക തടയണ നിര്‍മ്മാണം പൂര്‍ത്തീകരിച്ചു

പുത്തന്‍ചിറ, മാള ഗ്രാമപഞ്ചായത്തുകളിലെ നൂറുകണക്കിന് ഹെക്ടര്‍ കൃഷി ഭൂമിയില്‍ ഉപ്പുവെള്ളം കയറുന്നത് തടയുന്നതിനും ഈ പ്രദേശങ്ങളിലെ കിണറുകളില്‍ ഉപ്പ് വെള്ളം കലരുന്നത് തടയുന്നതിനുമായിട്ടാണ് പുത്തന്‍ചിറ ഗ്രാമപഞ്ചായത്ത് ഫണ്ട് ചിലവഴിച്ച് താല്‍ക്കാലിക തടയണ നിര്‍മ്മിച്ച് വരുന്നത്.

Update: 2019-02-02 19:22 GMT

മാളഃ കര്‍ഷകര്‍ക്കും പ്രദേശവാസികള്‍ക്കം ആശ്വാസം പകര്‍ന്ന് കരിങ്ങോള്‍ച്ചിറയിലെ താല്‍ക്കാലിക തടയണ നിര്‍മ്മാണം പൂര്‍ത്തീകരിച്ചു. പുത്തന്‍ചിറ, മാള ഗ്രാമപഞ്ചായത്തുകളിലെ നൂറുകണക്കിന് ഹെക്ടര്‍ കൃഷി ഭൂമിയില്‍ ഉപ്പുവെള്ളം കയറുന്നത് തടയുന്നതിനും ഈ പ്രദേശങ്ങളിലെ കിണറുകളില്‍ ഉപ്പ് വെള്ളം കലരുന്നത് തടയുന്നതിനുമായിട്ടാണ് പുത്തന്‍ചിറ ഗ്രാമപഞ്ചായത്ത് ഫണ്ട് ചിലവഴിച്ച് താല്‍ക്കാലിക തടയണ നിര്‍മ്മിച്ച് വരുന്നത്. ഈ വര്‍ഷം തടയണ നിര്‍മ്മാണത്തിനായി രണ്ട് ലക്ഷം രൂപ അനുവദിച്ചതായി ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാന്റംഗ് കമ്മിറ്റി ചെയര്‍മാന്‍ പി ഐ നിസാര്‍ അറിയിച്ചു. ഉപ്പ് വെള്ളം കയറുന്നത് തടയുന്നതിനായി നേരത്തെ തന്നെ തടയണ നിര്‍മ്മാണം പൂര്‍ത്തീകരിക്കാന്‍ സാധിച്ചത് നാട്ടുകാരില്‍ ആശ്വാസം പകര്‍ന്നിട്ടുണ്ട്. മുന്‍പ് പലപ്പോഴും തക്ക സമയത്ത് തടയണ നിര്‍മ്മാണം പൂര്‍ത്തീകരിക്കാത്തതിനാലും വേണ്ട നിലയില്‍ തടയണ നിര്‍മ്മിക്കാത്തതിനാലും കൃഷി ഭൂമിയിലും കുടിവെള്ള സ്രോതസുകളിലും ഉപ്പുവെള്ളം കയറി ജനങ്ങള്‍ ദുരിതത്തിലായിട്ടുണ്ട്. ഇത്തരം പ്രശ്‌നങ്ങള്‍ ഒഴിവാക്കുന്നതിനായിട്ടാണ് നേരത്തെ തന്നെ പര്യാപ്തമായ നിലയില്‍ തടയണ നിര്‍മ്മാണം പൂര്‍ത്തീകരിച്ചതെന്നും വാര്‍ഡ് മെമ്പര്‍ പി ഐ നിസാര്‍ പറഞ്ഞു. അതേസമയം നിര്‍മ്മാണം പൂര്‍ത്തീകരിച്ച കരിങ്ങോള്‍ച്ചിറ റഗുലേറ്റര്‍ കം ബ്രിഡ്ജില്‍ ആധുനിക രീതിയിലുള്ള റഗുലേറ്ററിന് പകരം പഴയ രീതിയില്‍ പലക നിരത്തി ചെളി നിറച്ചുള്ള റഗുലേറ്റര്‍ ഘടിപ്പിച്ചത് കാരണമാണ് ഈ വര്‍ഷവും താല്‍ക്കാലിക തടയണ നിര്‍മ്മാണം ആവശ്യമായി വന്നത്. ഇനി വരും വര്‍ഷങ്ങളിലെല്ലാം താല്‍ക്കാലിക തടയണക്കായി ലക്ഷക്കണക്കിന് രൂപ ചിലവഴിക്കേണ്ടി വരും. അധികൃതരുടെ അനാസ്ഥയും കൃത്യവിലോപവുമാണ് ഈ ദുരവസ്ഥക്ക് കാരണമെന്നാണ് നാട്ടുകാരുടെ ആക്ഷേപം. പുത്തന്‍ചിറ, മാള ഗ്രാമപഞ്ചായത്തുകളിലെ നൂറുകണക്കിന് ഹെക്ടര്‍ കൃഷി ഭൂമിയിലും പ്രദേശങ്ങളിലെ കിണറുകളിലും ഉപ്പുവെള്ളം കയറുന്നതിന് ശാശ്വത പരിഹാരം കാണുന്നതിനായി 2011 ഫെബ്രുരി 13 ന് നിര്‍മ്മാണോദ്ഘാടനം നടത്തി ആരംഭിച്ച കരിങ്ങോള്‍ച്ചിറ റഗുലേറ്റര്‍ കം ബ്രിഡ്ജ് ആധുനിക രീതിയില്‍ നിര്‍മ്മിക്കുമെന്നാണ് ഉദ്ഘാടന വേളയില്‍ മന്ത്രി പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ പിന്നീട് പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ ഈ പ്രഖ്യാപനം അട്ടിമറിച്ച് പഴയ രീതിയില്‍ റഗുലേറ്റര്‍ നിര്‍മ്മിക്കുകയാണുണ്ടായത്. കൃത്യവിലോപം നടത്തി കരിങ്ങോള്‍ച്ചിറ റഗുലേറ്റര്‍ നിര്‍മ്മാണം അട്ടിമറിച്ച പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.




Tags: