കനത്ത മഴ; താഴ്ന്ന പ്രദേശങ്ങളിലുള്ളവര്‍ വീണ്ടും പ്രളയഭീതിയില്‍

ഇടയ്ക്കിടെ ശക്തമായി മഴ പെയ്യുന്നതിനാല്‍ താഴ്ന്ന പ്രദേശങ്ങളിലെ പുരയിടങ്ങളില്‍ വെള്ളം കെട്ടിനില്‍ക്കുന്ന അവസ്ഥയാണ്. ഇതുകൂടാതെ ചാലക്കുടിപ്പുഴ നിറഞ്ഞൊഴുകുകയാണ്.

Update: 2019-08-08 15:44 GMT

മാള: ദിവസങ്ങളായി ശക്തമായ മഴ തുടരുന്നതിനാല്‍ താഴ്ന്ന പ്രദേശങ്ങളിലുള്ളവര്‍ വീണ്ടും പ്രളയഭീതിയിലായി. ഇടയ്ക്കിടെ ശക്തമായി മഴ പെയ്യുന്നതിനാല്‍ താഴ്ന്ന പ്രദേശങ്ങളിലെ പുരയിടങ്ങളില്‍ വെള്ളം കെട്ടിനില്‍ക്കുന്ന അവസ്ഥയാണ്. ഇതുകൂടാതെ ചാലക്കുടിപ്പുഴ നിറഞ്ഞൊഴുകുകയാണ്. രണ്ടര അടിയോളം വെള്ളം ചാലക്കുടിപ്പുഴയിലുയര്‍ന്നാല്‍ കൊച്ചുകടവ് ജങ്ഷനിലും നൂറുകണക്കിന് വീടുകളിലും വെള്ളം കയറും. ഇതോടെ മഹാപ്രളയം കഴിഞ്ഞ് ഒരുവര്‍ഷത്തിനകം വീണ്ടും കുടുംബങ്ങള്‍ സുരക്ഷിതയിടങ്ങളിലേക്ക് പോവേണ്ടതായി വരും. താഴ്ന്ന സ്ഥലങ്ങളിലെ വീടുകളുടെ പുരയിടങ്ങളില്‍ ഇപ്പോള്‍തന്നെ വെള്ളം കയറിയിട്ടുണ്ട്. തൃശ്ശൂര്‍ ജില്ലയിലെ തന്നെ ഏറ്റവും താഴ്ന്ന പ്രദേശങ്ങളുള്‍ക്കൊള്ളുന്നതാണ് കുഴൂര്‍ ഗ്രാമപ്പഞ്ചായത്ത്.

പഞ്ചായത്തിലെ ഒന്നും രണ്ടും വാര്‍ഡുകളൊഴികെ ബാക്കി 12 വാര്‍ഡുകളും കഴിഞ്ഞ വര്‍ഷത്തെ വെള്ളക്കെട്ടിന്റെ ദുരിതമനുഭവിക്കുകയാണ്. ഒന്നാം വാര്‍ഡിന്റെയും രണ്ടാം വാര്‍ഡിന്റെയും വടക്കേ ഭാഗങ്ങളും വെള്ളക്കെട്ടിന്റെ ദുരിതമനുഭവിക്കുന്നു. കൊച്ചുകടവ്, എരവത്തൂര്‍, കുണ്ടൂര്‍, തിരുത്ത, ചെത്തിക്കോട്, മൈത്ര, കുളത്തേരി, മേലാംതുരുത്ത്, തുമ്പരശ്ശേരി, കുഴൂര്‍ തുടങ്ങി നിരവധി പ്രദേശങ്ങളിലെ കുടുംബങ്ങളാണ് വീണ്ടുമൊരു പ്രളയഭീതിയിലുള്ളത്. അന്നമനട ഗ്രാമപ്പഞ്ചായത്തിലെ വെണ്ണൂര്‍, കീഴഡൂര്‍, മേലഡൂര്‍, കുമ്പിടി, വാളൂര്‍, മാമ്പ്ര, പൂവത്തുശ്ശേരി, എരയാംകുടി, എടയാറ്റൂര്‍, മൂന്നുമുറി, അന്നമനട ടൗണ്‍ അടക്കമുള്ള സ്ഥലങ്ങളെല്ലാം വെള്ളക്കെട്ടിന്റെ ഭീതിയിലാണ്. 2018 ആഗസ്ത് 15 മുതലുണ്ടായ മഹാപ്രളയത്തിന്റെ ഭീതിയും ദുരിതങ്ങളും നിലനില്‍ക്കേയാണ് അതിന്റെ വാര്‍ഷികത്തിന് ഏതാനും ദിവസങ്ങള്‍ മാത്രം ശേഷിക്കേ വീണ്ടും മഹാപ്രളയം വന്നെത്തുമോയെന്ന ആശങ്കയില്‍ ജനം കഴിയുന്നത്.

കഴിഞ്ഞ വര്‍ഷത്തെ പ്രളയത്തില്‍ ദുരിതം ബാധിച്ചവരില്‍ സര്‍ക്കാര്‍ സഹായം ലഭിക്കാത്തവര്‍ ഇനിയുമുണ്ട്. കഴിഞ്ഞ വര്‍ഷത്തെ മഹാപ്രളയമുന്നറിയിപ്പുകളൊന്നും ലഭിക്കാതിരുന്നപ്പോള്‍ ദിവസങ്ങളായി ദുരന്തനിവാരണ വകുപ്പിന്റെ അപകടമുന്നറിയിപ്പുകള്‍ തുടരെ വരുന്നതിനാലും മഴ ശക്തമായി തുടരുന്നതിനാലും ഉറക്കം നഷ്ടപ്പെട്ട രാത്രികളിലാണ് ജനങ്ങള്‍. ചാലക്കുടിപ്പുഴയില്‍ മിനുറ്റുകള്‍ കഴിയുന്തോറും ജലം ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. കൊച്ചുകടവ് മുഹിയിദ്ദീന്‍ ജുമാ മസ്ജിദിലേക്ക് കനാല്‍ റോഡില്‍നിന്നുമുള്ള റോഡ് മുങ്ങിയിരിക്കയാണ്. പാടശേഖരങ്ങള്‍ ജലാശയങ്ങള്‍ പോലെയായി. കൊച്ചുകടവ് പരുത്തിപ്പിള്ളി കടവില്‍ രണ്ടര അടിയോളം വെള്ളം ഉയര്‍ന്നാല്‍ കൊച്ചുകടവ് ജങ്ഷനില്‍ അടക്കം വെള്ളമെത്തും. അതിനകം താഴ്ന്നയിടങ്ങളില്‍ വീടുകളില്‍ വെള്ളം കയറിയിട്ടുണ്ടാകും. പുഴയില്‍ വെള്ളമുയരുന്നത് കാണാന്‍ നിരവധി പേരാണെത്തുന്നത്.

Tags:    

Similar News