അതിരപ്പിള്ളി പദ്ധതിയില്‍നിന്ന് സര്‍ക്കാര്‍ പിന്‍മാറണം: അഖിലേന്ത്യാ കിസാന്‍സഭ

പുഴയിലെ നീരൊഴുക്കില്‍ വരുന്ന വ്യത്യാസങ്ങള്‍ മൂലം ഡാമിന് താഴെ വരുന്ന പ്രദേശങ്ങളിലുണ്ടാകാവുന്ന പ്രശ്‌നങ്ങളെപ്പറ്റി ഒരുപഠനവും നടത്താതെയാണ് പദ്ധതി കൊണ്ടുവരാന്‍ ശ്രമിക്കുന്നത്.

Update: 2020-06-11 15:10 GMT

മാള: അതിരപ്പിള്ളി പദ്ധതിയില്‍നിന്ന് സര്‍ക്കാര്‍ പിന്‍മാറണമെന്ന് അഖിലേന്ത്യാ കിസാന്‍സഭ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ജൈവസമ്പന്നമായ 22 ഹെക്ടര്‍ പുഴയോര കാടുകളടക്കം 38 ഹെക്ടര്‍ വനം ഇല്ലാതാവുമെന്നും കാലാവസ്ഥാവ്യതിയാനത്തിന് വനമാണ് മറുപടിയെന്ന് പറഞ്ഞ് കഴിഞ്ഞ ജൂണ്‍ അഞ്ചിന് ഒരുകോടി വൃക്ഷത്തൈകള്‍ നട്ട സര്‍ക്കാരാണ് ഈ പദ്ധതിയുമായി വരുന്നുവെന്നത് എത്ര വിരോധാഭാസമാണ്. പുഴയിലെ നീരൊഴുക്കില്‍ വരുന്ന വ്യത്യാസങ്ങള്‍ മൂലം ഡാമിന് താഴെ വരുന്ന പ്രദേശങ്ങളിലുണ്ടാകാവുന്ന പ്രശ്‌നങ്ങളെപ്പറ്റി ഒരുപഠനവും നടത്താതെയാണ് പദ്ധതി കൊണ്ടുവരാന്‍ ശ്രമിക്കുന്നത്.

പുഴയില്‍ 108 ഇനം മല്‍സ്യങ്ങളും 246 ഇനം പക്ഷികളും അപൂര്‍വയിനം ആമകളുമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെയൊക്കെ നിലനില്‍പ്പിനെ തന്നെ ഈ പദ്ധതി ദോഷകരമായി ബാധിക്കും. 188 ജലസേചന പദ്ധതികള്‍ ചാലക്കുടി പുഴയിലുണ്ട്. ഈ മേഖലയില്‍ പതിനയ്യായിരത്തോളം ഹെക്ടര്‍ സ്ഥലത്ത് ഇപ്പോള്‍ നടക്കുന്ന ജലസേചനം പകുതിയായി ചുരുങ്ങും. ഇത് കുടിവെള്ള ക്ഷാമത്തിലേക്കും കാര്‍ഷിക മേഖലയെയും ബാധിക്കും. കേരളത്തിലെ ഏറ്റവും വലിയ കുടിവെള്ള പദ്ധതികളിലൊന്നായ വൈന്തലയിലെ കുടിവെള്ള പദ്ധതിയെയാണ് കൊടുങ്ങല്ലൂര്‍ മണ്ഡലത്തിലെ 80 ശതമാനം ജനങ്ങളും ആശ്രയിക്കുന്നത്.

ഇത്തരത്തില്‍ കൃഷിയെയും കുടിവെള്ളത്തെയും ബാധിക്കുന്നതും ലക്ഷക്കണക്കിന് മനുഷ്യരുടെ ജീവിതം പ്രതിസന്ധിയിലാക്കുന്നതുമായ അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിയില്‍നിന്നും സര്‍ക്കാര്‍ പിന്‍മാറണമെന്ന് കിസാന്‍ സഭ തൃശൂര്‍ ജില്ലാ സെക്രട്ടറി കെ വി വസന്ത്കുമാറും പ്രസിഡന്റ് കെ കെ രാജേന്ദ്രബാബുവും ആവശ്യപ്പെട്ടു. കൊടുങ്ങല്ലൂര്‍ മണ്ഡലം കിസാന്‍ സഭയുടെ നേതൃത്വത്തില്‍ അന്നമനട പുളിക്കക്കടവ് പാലത്തില്‍ നടത്തിയ പ്രതിഷേധ സമരം കിസാന്‍സഭ ജില്ലാ സെക്രട്ടറി കെ വി വസന്ത്കുമാര്‍ ഉദ്ഘാടനം ചെയ്തു. യു കെ ദിനേശന്‍ അധ്യക്ഷത വഹിച്ചു. സിപിഐ അന്നമനട ലോക്കല്‍ സെക്രട്ടറി ഇ കെ അനിലന്‍, ബൈജു മണന്തറ, വര്‍ഗീസ് മരോട്ടിക്കല്‍ തുടങ്ങിയവര്‍ സംസാരിച്ചു. 

Tags:    

Similar News