പഴയപാലത്തിന്റെ കോണ്‍ക്രീറ്റ് അവശിഷ്ടങ്ങള്‍ മാറ്റിയില്ല; അന്നമനട വെള്ളക്കെട്ടിലേക്ക്

അന്നമനടയിലെ ഏറ്റവും വലിയ പട്ടികജാതി കോളനി ആയ വെണ്ണൂര്‍ പാടം, ആര്യപ്പറമ്പ് ലക്ഷംവീട് കോളനികള്‍ വെള്ളക്കെട്ടിലാവുന്ന സ്ഥിതിവിശേഷമാണ് ഇതുമൂലം സംഭവിക്കുന്നത്.

Update: 2020-06-02 19:24 GMT

മാള: സംസ്ഥാന സര്‍ക്കാര്‍ ഒന്നേകാല്‍ കോടി അനുവദിച്ചിട്ടും പുറക്കുളം പാലത്തിനു താഴെയുള്ള പഴയപാലത്തിന്റെ കോണ്‍ക്രീറ്റ് അവശിഷ്ടങ്ങള്‍ മാറ്റാത്തത് അന്നമനടയില്‍ വെള്ളക്കെട്ട് ഭീഷണി ഉയര്‍ത്തുന്നു. പുറക്കളം പാലത്തിനു താഴെ എക്കാട്ടിതോട്ടില്‍ പഴയ പാലത്തിന്റെ കോണ്‍ക്രീറ്റ് അവശിഷ്ടങ്ങളും ചെളിയും നീരൊഴുക്ക് തടസ്സപ്പെടുത്തുകയാണ്. 2018, 2019 വര്‍ഷങ്ങളിലെ പ്രളയങ്ങള്‍ നാശം വിതച്ച അന്നമനടയില്‍ 2018 ലെ പ്രളയത്തില്‍ തകര്‍ന്ന പുറക്കുളം പഴയ പാലത്തിന്റെ കോണ്‍ക്രീറ്റ് അവശിഷ്ടങ്ങളും ഇരുമ്പുപാളികളും കരിങ്കല്ലും നീക്കംചെയ്യാത്തതുമൂലം അന്നമനടയിലെ നാലുവാര്‍ഡുകള്‍ വെള്ളക്കെട്ട് ഭീഷണിയിലാണ്.

അന്നമനടയിലെ ഏറ്റവും വലിയ പട്ടികജാതി കോളനി ആയ വെണ്ണൂര്‍ പാടം, ആര്യപ്പറമ്പ് ലക്ഷംവീട് കോളനികള്‍ വെള്ളക്കെട്ടിലാവുന്ന സ്ഥിതിവിശേഷമാണ് ഇതുമൂലം സംഭവിക്കുന്നത്. 2018 ലെ മഹാപ്രളയത്തില്‍ തകര്‍ന്ന പാലത്തിന്റെ അവശിഷ്ടങ്ങള്‍ രണ്ടുവര്‍ഷമായിട്ടും മാറ്റാന്‍ കഴിയാതിരുന്നത് ഗ്രാമപ്പഞ്ചായത്തിന്റെ അനാസ്ഥകൊണ്ടുമാത്രമാണ്.

പ്രളയം നാശംവിതച്ച ഗ്രാമപ്പഞ്ചായത്തിന് സംസ്ഥാന സര്‍ക്കാരിന്റെ ഒരുകോടി 25 ലക്ഷം രൂപ അനുവദിച്ചിട്ടും ഒരുരൂപ പോലും ചെലവാക്കി വെള്ളക്കെട്ട് ഒഴിവാക്കാന്‍ ഗ്രാമപഞ്ചായത്തിന് കഴിഞ്ഞിട്ടില്ലെന്നാണ് പരാതി ഉയരുന്നത്. കാലവര്‍ഷം കനത്തതോടുകൂടി പ്രദേശവാസികള്‍ ആശങ്കയിലാണ്. ഇക്കാര്യത്തില്‍ അടിയന്തര നടപടി സ്വീകരിച്ച് വെള്ളക്കെട്ട് ഒഴിവാക്കുന്നതിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്ന് സിപിഎം ലോക്കല്‍ കമ്മിറ്റി പ്രസ്താവനയിലൂടെ ആവശ്യപ്പെടുന്നതായി ലോക്കല്‍ കമ്മറ്റി സെക്രട്ടറി പ്രവീണ്‍ ചന്ദ്രന്‍ അറിയിച്ചു. 

Tags:    

Similar News