ബാങ്ക് അധികൃതരുടെ അനാസ്ഥ: കുഴൂര്‍ എസ്ബിഐയില്‍ ഇടപാടുകാര്‍ വന്‍തോതില്‍ അകലുന്നു

Update: 2020-06-27 08:57 GMT

മാള: സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ കുഴൂര്‍ ശാഖയില്‍ നിന്നു ഇടപാടുകാര്‍ വന്‍തോതില്‍ അകലുന്നു. ഇടപാടുകാരോട് മോശമായി പെരുമാറുന്നതാണ് കാരണമെന്ന ആക്ഷേപമുയരുന്നുണ്ട്. ബാങ്ക് ജനങ്ങള്‍ക്ക് സര്‍വീസ് നല്‍കുന്നതില്‍ പല കാര്യത്തിലും പിന്നോട്ടാണ്. ഫോണ്‍ ചെയ്താല്‍ പോലും എടുക്കാറില്ല.

    രോഗിയും വികലാംഗനുമായ 95 വയസ്സുകാരനെ ബാങ്കിനുള്ളില്‍ എത്തിയാല്‍ മാത്രമേ സഹായം കിട്ടുന്നതിനുള്ള ഇടപാടുകള്‍ നടത്തൂ എന്ന് ചില ജീവനക്കാര്‍ കഴിഞ്ഞ ദിവസം ശാഠ്യം പിടിക്കുകയും ചെയ്തു. മാത്രമല്ല, ബെംഗളൂരില്‍ നിന്നു ദമ്പതികള്‍ കൊച്ചി വിമാനത്താവളത്തില്‍ വന്ന് ടാക്‌സിയില്‍ ബാങ്കില്‍ വരേണ്ടതായി വന്നു. ബാങ്കില്‍ ഇവരെ ലഗേജോടെ ജനങ്ങള്‍ കണ്ടത് പരിഭ്രാന്തി പരത്തി. ആരോഗ്യ പ്രവര്‍ത്തകര്‍ പോലിസ് എന്നിവരെ ഇത് ഏരെ ബുദ്ധിമുട്ടിലാത്തി. ജീവനക്കാരുടെ നിര്‍ബ്ബന്ധ ബുദ്ധിയും ഫോണില്‍ പോലും വിശദമായി സംസാരിക്കാതെ വന്നതിലുള്ള പ്രശ്‌നങ്ങളുമായിരുന്നു ഈയവസ്ഥയ്ക്കു കാരണം. ഇത്തരം മോശം പെരുമാറ്റം കൊണ്ട് ദിവസേന 10 പേരെങ്കിലും അക്കൗണ്ട് മതിയാക്കി മറ്റിടങ്ങളിലേക്ക് മാറുന്നുണ്ടെന്നാണ് ആക്ഷേപം.

    കൃഷി കൂടുതലായുള്ള കുഴൂര്‍ ഗ്രാമപഞ്ചായത്തിലെ കര്‍ഷകര്‍ക്കും കുടുംബശ്രീകള്‍ക്കും വരെ യാതൊരു ഉപകാരവുമില്ലാത്ത ശാഖയായി മാറിയെന്നും ആരോപണമുണ്ട്. കര്‍ഷകര്‍ അടക്കമുള്ളവര്‍ ഏതെങ്കിലും ലോണിനായി സമീപിച്ചാല്‍ നല്‍കാന്‍ തയ്യാറാവാറില്ല. 2018ലെ മഹാപ്രളയത്തെ തുടര്‍ന്ന് കുടുംബശ്രീ സംഘങ്ങള്‍ മുഖേന കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച പലിശ രഹിതമായ ഒരു ലക്ഷം രൂപയ്ക്കായി സ്ത്രീകള്‍ സമീപിച്ചപ്പോള്‍ പ്രതികൂലമായ സമീപനമാണുണ്ടായത്. അതിനാല്‍തന്നെ പാറപ്പുറത്തുള്ള യൂനിയന്‍ ബാങ്കിനെയും മാളയിലെ കനറാ ബാങ്കിനെയും വായ്പ ലഭ്യമാക്കിയത്. ശാഖയിലെ ഒരു വിഭാഗം ജീവനക്കാരില്‍ നിന്നു നല്ല സമീപനമുണ്ടാകുമ്പോള്‍ മറ്റൊരു വിഭാഗം വളരെ മോശമായാണു പെരുമാറുന്നതെന്നാണ് പരാതി.

    അക്കൗണ്ടിന്റെ സ്‌റ്റേറ്റ്‌മെന്റ് എടുക്കുന്നതിന് വന്‍ തുകയാണ് ഈടാക്കുന്നത്. ഒരു ഇടപാടുകാരന്‍ ഏതാനും വര്‍ഷത്തെ 30 പേജ് സ്‌റ്റേറ്റ്‌മെന്റെടുത്തതിന് 944 രൂപയാണ് അക്കൗണ്ടില്‍ നിന്നു ഈടാക്കിയത്. ഒരു പേജ് സ്‌റ്റേറ്റ് മെന്റിന് 31. 46 രൂപ പ്രകാരമാണ് ഈടാക്കിയത്. മറ്റ് ദേശസാല്‍കൃത ബാങ്കുകള്‍ ആറു മാസത്തെ സ്‌റ്റേറ്റ്‌മെന്റ് സൗജന്യമായും അതില്‍ കൂടുതലായുള്ളതിന് പരമാവധി 300 രൂപവരെ ഈടാക്കുന്ന സ്ഥാനത്താണിത്. കുഴൂര്‍ എസ്ബിഐ ബ്രാഞ്ചില്‍ ഒരു പേജ് സ്‌റ്റേറ്റ്‌മെന്റെടുത്താലും പണം ഈടാക്കുമെന്നാണ് ജീവനക്കാര്‍ തന്നെ പറയുന്നത്. വിദ്യഭ്യാസത്തിനോ ജോലിക്കോ മറ്റോ വേണ്ടി സ്‌റ്റേറ്റ്‌മെന്റില്‍ ഒപ്പും സീലും വയ്ക്കുന്നതിന് 250 രൂപയിലധികമാണ് ഈടാക്കുന്നത്. മറ്റ് ബാങ്കുകളില്‍ സൗജന്യമായി നല്‍കുന്ന സേവനമാണിത്.

    ഒരു ഇടപാടുകാരന്‍ എഫ് ഡി അക്കൗണ്ട് പുതുക്കാനായി സമീപിച്ചപ്പോള്‍ വലിയൊരു ലിസ്റ്റ് നല്‍കി അവയെല്ലാം എത്തിക്കാനായി പറഞ്ഞു. ഏറെ പണം ചെലവഴിച്ച് വേണ്ട രേഖകളെല്ലാം എത്തിച്ചപ്പോള്‍ വീണ്ടും വലിയൊരു ലിസ്റ്റ് നല്‍കി. ഇതോടെ അവിടത്തെ ഇടപാട് മതിയാക്കി വേറെ ബാങ്കിനെ സമീപിച്ച് അവിടെ അക്കൗണ്ട് തുടങ്ങി. വീട് പണിയാനോ വാഹനങ്ങള്‍ വാങ്ങാനോ മറ്റ് കാര്യങ്ങള്‍ക്കായോ ഇവിടെ എത്തിയാല്‍ നിരാശരാക്കി മടക്കിയയക്കുകയാണ്. എല്ലാ ബാങ്കുകാരും അക്കൗണ്ട് തുടങ്ങാനായി ഫോമുകള്‍ സൗജന്യമായി നല്‍കുമ്പോള്‍ ഇവിടെ നിന്നു നല്‍കാതെ അടുത്തുള്ള ഫോട്ടോസ്റ്റാറ്റ് സ്ഥാപനത്തില്‍ പോയി പണം കൊടുത്ത് ഫോമുകള്‍ വാങ്ങേണ്ട അവസ്ഥയായിരുന്നു.

    എസ്ബിടി ആയിരുന്നപ്പോഴും വളരെ മോശം സമീപനമാണ് ഇവിടെ നിന്നുമുണ്ടായിരുന്നത്. എസ്ബിടിയെ എസ്ബിഐയില്‍ ലയിപ്പിച്ച ശേഷം ഇത് കൂടുതലായെന്നാണ് ആക്ഷേപം. പെന്‍ഷന്‍കാരടക്കമുള്ള ഏത് തരം ഇടപാടുകാരോടും ഇതേ സമീപനമാണ്. വന്‍കിട ഇടപാടുകാര്‍ക്ക് മാത്രമാണ് ഇവിടെ നിന്നു നല്ല സമീപനമുണ്ടായിരുന്നത്. എന്നാല്‍ അടുത്തിടെ ഇത്തരക്കാര്‍ക്കും ബുദ്ധിമുട്ട് സൃഷ്ടിക്കുകയാണ്. ഇതുകാരണം പലരും ഈ ബാങ്ക് ശാഖയില്‍ നിന്നു അക്കൗണ്ട് മതിയാക്കി പാറപ്പുറത്തെ യൂനിയന്‍ ബാങ്ക്, മാളയിലെ കനറാ ബാങ്ക് ശാഖകളിലാണ് പുതിയ അക്കൗണ്ട് തുറക്കുന്നത്. ഗ്രാമപ്പഞ്ചായത്തിലെ ഹോം ബ്രാഞ്ചായിട്ടും കിലോമീറ്ററുകള്‍ അകലെയുള്ള ബാങ്കുകളെ സമീപിക്കേണ്ട അവസ്ഥയാണ്. കൊവിഡ് 19 വ്യാപനത്തിന്റെ കാലത്ത് കാഷ് ലെസ് ഇടപാട് പ്രോല്‍സാഹിപ്പിക്കുമ്പോള്‍ എസ്ബിഎയുടെ യോനോ ആപ്പ് ഉപയോഗപ്രദമല്ലയെന്ന പരാതി നിലനില്‍ക്കേ ബാങ്കില്‍ ചെന്നാലും നല്ല സമീപനമല്ലെന്നാണ് പരാതി. ഉന്നതാധികൃതരും ജനപ്രതിനിധികളും ഇടപെട്ട് ഇക്കാര്യങ്ങളില്‍ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നാണ് ശക്തമായി ഉയരുന്ന ആവശ്യം.

Bank officials' disaffection Kuzhur SBI Dealerships are getting loosing




Tags: