കടന്നല്‍കൂട് നശിപ്പിക്കുന്നതിനിടെ കടന്നല്‍ കുത്തേറ്റ് മരണം

Update: 2025-08-14 17:48 GMT

തിരുവനന്തപുരം: ബാലരാമപുരത്ത് കടന്നല്‍കൂട് നശിപ്പിക്കുന്നതിനിടെ കടന്നല്‍ കുത്തേറ്റ് ചികില്‍സയിലായിരുന്ന മരംവെട്ട് തൊഴിലാളി മരിച്ചു. വെടിവച്ചാന്‍കോവില്‍ പുല്ലുവിളാകത്ത് വീട്ടില്‍ രതീഷ് (37) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് വെടിവച്ചാന്‍കോവിലിനു സമീപം ഇഞ്ചക്കര ലേഖയുടെ വീട്ടിലെ മരത്തിലുണ്ടായിരുന്ന കടന്നലിനെ നശിപ്പിക്കാനാണ് രതീഷ് സുഹൃത്തിനൊപ്പം എത്തിയത്.

ലേഖയുടെ പിതാവ് തങ്കപ്പന്‍ ആവശ്യപ്പെട്ടത് അനുസരിച്ചാണ് രതീഷും സുഹൃത്തും ഇന്നലെ വൈകിട്ടോടെ കടന്നലിനെ നശിപ്പിക്കാനുളള പെട്രോളുമായി എത്തിയത്. വീട്ടുകാരോട് വാതിലടച്ച് സുരക്ഷിതരായി ഇരിക്കാന്‍ ആവശ്യപ്പെട്ട ശേഷം കടന്നലിനെ നശിപ്പിക്കാനായി കടന്നല്‍ കൂടുളള മരച്ചില്ല വെട്ടി താഴേക്കിടുന്നതിനിടയില്‍ കടന്നല്‍ രതീഷിനെ ആക്രമിക്കുകയായിരുന്നു.

ഉടനെ രതീഷിനെ നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് വൈകിട്ടോടെ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. രാത്രി ആരോഗ്യ സ്ഥിതി ഗുരുതരമായതോടെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രതീഷിന്റെ കഴുത്തിനു മുകളിലാണ് കടന്നലിന്റെ ആക്രമണം ഏറ്റിരുന്നത്. നാളെ സഹോദരി ഭര്‍ത്താവ് മഹാരാഷ്ട്രയില്‍ നിന്ന് എത്തിയിട്ടാവും സംസ്‌കാരം. ഭാര്യ ആശ, മക്കള്‍: ആദര്‍ശ്,അഭിജിത്ത്.