തിരുവനന്തപുരത്ത് വീട്ടമ്മയെ കൊന്ന് കുഴിച്ചുമൂടിയ സംഭവം; പ്രതി വിനോദിന്റെ അറസ്റ്റ് രേഖപ്പെടുത്തി

Update: 2025-06-15 17:30 GMT
തിരുവനന്തപുരത്ത് വീട്ടമ്മയെ കൊന്ന് കുഴിച്ചുമൂടിയ സംഭവം; പ്രതി വിനോദിന്റെ അറസ്റ്റ് രേഖപ്പെടുത്തി

തിരുവനന്തപുരം: വെള്ളറടയ്ക്ക് സമീപം പനച്ചമൂടില്‍ വീട്ടമ്മ പ്രിയംവദയെ കൊലപ്പെടുത്തിയ കേസില്‍ പ്രതി വിനോദിന്റെ അറസ്റ്റ് രേഖപ്പെടുത്തി. കൊലപാതക വിവരം മറച്ചുവെക്കാനും മൃതദേഹം മറവ് ചെയ്യാനും സഹായിച്ചതില്‍ സഹോദരന്‍ സന്തോഷിനെയും പോലിസ് പ്രതി ചേര്‍ത്തു. സന്തോഷിന്റെ അറസ്റ്റ് വെള്ളറട പോലിസ് രേഖപ്പെടുത്തി. നാല് ദിവസം മുമ്പ് കാണാതായ പഞ്ചാംകുഴിയി സ്വദേശി പ്രിയംവദയാണ് കൊല്ലപ്പെട്ടത്. കടം വാങ്ങിയ പണത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലയില്‍ കലാശിച്ചതെന്ന് പ്രതി വിനോദ് കുറ്റം സമ്മതിച്ചു. വിനോദിന്റെ ഭാര്യാമാതാവും മക്കളുമാണ് കൊലപാതക വിവരം പുറത്തെത്തിച്ചത്.

പ്രതിയായ അയല്‍വാസി വിനോദിന്റെയും പ്രിയംവദയുടെയും വീട് ഒരു മതിലിന് അപ്പുറവും ഇപ്പുറവുമാണ്. രണ്ട് പെണ്‍മക്കളുടെ വിവാഹം കഴിഞ്ഞ ശേഷം ഒറ്റക്കായിരുന്നു പ്രിയംവദയുടെ താമസം. വ്യാഴാഴ്ച രാവിലെ പതിവ് പോലെ കശുവണ്ടി ഫാക്ടറിയില്‍ ജോലിക്ക് പോയ പ്രിയംവദ തിരികെ വന്നില്ല. പ്രിയംവദയെ പറ്റി ഒരു കൂസലും ഇല്ലാതെ പ്രതി വിനോദ് തങ്ങളോട് അന്വേഷിച്ചിരുന്നുവെന്ന് ബന്ധു ബിജു പറഞ്ഞു.

ഭാര്യ വിദേശത്തായതിനാല്‍ വിനോദ് ഒറ്റക്കും രണ്ട് മക്കള്‍ തൊട്ടടുത്ത വീട്ടില്‍ ഭാര്യാ മാതാവിന് ഒപ്പവുമാണ് താമസിച്ചിരുന്നത്. വീടിനുള്ളില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് വിനോദിന്റെ മകള്‍ മുറിയില്‍ പോയി നോക്കുകയും ഒരു കാല്‍ കാണുകയുമായിരുന്നു. തുടര്‍ന്ന് ഈ വിവരം മുത്തശ്ശിയോട്പറഞ്ഞതോടെയാണ് കൊലപാതകം പുറത്തറിഞ്ഞത്. പ്രിയംവദയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതിനു ശേഷം മൂന്നുദിവസം വീട്ടിലെ കട്ടിലിനടിയിലാണ് മൃതദേഹം സൂക്ഷിച്ചത്.

മൃതദേഹം കുഴിച്ചിട്ട സ്ഥലം വിനോദ് പോലിസിന് കാട്ടിക്കൊടുത്തു. നാലു മണിക്കൂര്‍ നീണ്ട നടപടിക്രമങ്ങള്‍ക്ക് ശേഷമാണ് മൃതദേഹം പുറത്തെടുത്തത്. ഫോറന്‍സിക് പരിശോധനയ്ക്കും ഇന്‍ക്വസ്റ്റ് നടപടികള്‍ക്കും ശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചു. കടം വാങ്ങിയ പണം തിരികെ ചോദിച്ചതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് വിനോദ് പോലിസിന് മൊഴി നല്‍കി. ഇരുവരും തമ്മില്‍ അടുപ്പം ഉണ്ടായിരുന്നോ എന്നതും പോലിസ് പരിശോധിക്കുന്നു.




Similar News