തിരുവനന്തപുരത്തെ ക്ഷേത്രം മുഗളന്‍മാര്‍ തകര്‍ത്തു; വിചിത്ര വാദവുമായി ഫെയ്‌സ്ബുക്കില്‍ വീഡിയോ

നിരവധിപേരാണ് വീഡിയോക്ക് ലൈക്കും കമന്റുമായി രംഗത്തെത്തിയത്.

Update: 2023-08-07 09:11 GMT

തിരുവനന്തപുരം: ജില്ലയിലെ കാപ്പില്‍ ശിവക്ഷേത്രം മുഗളന്‍മാര്‍ തകര്‍ത്തിരുന്നുവെന്ന വിചിത്ര വാദവുമായി ഫെയ്‌സ്ബുക്കില്‍ വീഡിയോ. 'പഴമയെ തേടി' എന്ന ഫേസ്ബുക്ക് പേജിലാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. കടലിന് അഭിമുഖമായാണ് ക്ഷേത്രം നിലനില്‍ക്കുന്നത്. കടല്‍ മാര്‍ഗമെത്തിയ മുഗളര്‍ ക്ഷേത്രം ആക്രമിച്ചുവെന്നാണ് വീഡിയോയില്‍ പറയുന്നത്.

പരശുരാമന്‍ പ്രതിഷ്ഠ നടത്തിയ ക്ഷേത്രമാണ് ഇതെന്നാണ് വിശ്വാസം. ക്ഷേത്രം ആക്രമിച്ച മുഗളര്‍ പ്രതിഷ്ഠകള്‍ നശിപ്പിച്ചെന്നാണ് 'സങ്കല്‍പമെന്ന്' ഭാരവാഹികള്‍ പറയുന്നു. ക്ഷേത്ര കവാടത്തിലുണ്ടായിരുന്ന ദ്വാരപാലകരുടെ രൂപം എടുത്തുകൊണ്ടുപോയി. ഒന്നിന്റെ കണ്ണും മൂക്കും വെട്ടിനശിപ്പിച്ചു. ക്ഷേത്രത്തിന് അകത്തുണ്ടായിരുന്ന വലിയ രണ്ട് എണ്ണ സംഭരണികളില്‍ ഒന്ന് അടിച്ചുപൊട്ടിച്ചു. ക്ഷേത്രത്തിലെ കൊടിമരം തകര്‍ത്ത മുഗളര്‍ അത് കൊണ്ടുപോകാന്‍ ശ്രമിച്ചെങ്കിലും അതിന് സാധിച്ചില്ല. ഒടുവില്‍ അത് കായലില്‍ തള്ളിയിട്ട് നശിപ്പിക്കുകയായിരുന്നു. ക്ഷേത്രത്തിന് സമീപമുള്ള തെങ്ങില്‍ ഒരു വലിയ കടന്നല്‍കൂടുണ്ടായിരുന്നു. ആളുകള്‍ കല്ലെറിഞ്ഞ് കടന്നലുകളെ ഇളക്കിവിട്ടപ്പോള്‍ അതിന്റെ കുത്ത് സഹിക്കാനാവാതെയാണ് മുഗളന്‍മാര്‍ സ്ഥലംവിട്ടതെന്നും ക്ഷേത്ര ഭാരവാഹികള്‍ പറയുന്നു.

മുഗളന്‍മാര്‍ കേരളത്തില്‍ വന്നിട്ടുപോലുമില്ലെന്ന ചരിത്ര വസ്തുത പൂര്‍ണമായും അവഗണിച്ചുകൊണ്ടാണ് വ്യാജപ്രചാരണം. നിരവധിപേരാണ് വീഡിയോക്ക് ലൈക്കും കമന്റുമായി രംഗത്തെത്തിയത്. മുഗളന്‍മാര്‍ എന്നാല്‍ കേരളത്തില്‍ വന്നതെന്ന ചോദ്യത്തിന് പകരം ഈ വ്യാജ പ്രചാരണം ശരിവെക്കുന്ന തരത്തിലാണ് ഭൂരിഭാഗം ആളുകള്‍ കമന്റ് ചെയ്തിരിക്കുന്നത് എന്ന ശ്രദ്ധേയമായ വസ്തുത.


Tags: