മദ്യപിച്ച് നഗ്നതാപ്രദര്‍ശനം നടത്തിയ ചന്തവിള വാര്‍ഡ് കൗണ്‍സിലറെ പുറത്താക്കണം: എസ്ഡിപിഐ

സാമൂഹിക വിരുദ്ധ പ്രവര്‍ത്തനം നടത്തുന്ന വാര്‍ഡ് കൗണ്‍സിലറെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാന്‍ സിപിഐ നേതൃത്വം തയ്യാറാകണം

Update: 2022-02-16 12:22 GMT

തിരുവനന്തപുരം: നടുറോഡില്‍ പരസ്യമായി മദ്യപിച്ച് നഗ്നതാപ്രദര്‍ശനവും അക്രമവും നടത്തിയ ചന്തവിള വാര്‍ഡ് കൗണ്‍സിലര്‍ ബിനുവിനെ കൗണ്‍സിലര്‍ സ്ഥാനത്ത് നിന്ന് പുറത്താക്കണമെന്ന് എസ്ഡിപിഐ. കഴിഞ്ഞ ദിവസം പള്ളിനട ജങ്ഷനില്‍ സ്ത്രീകളുടെയും കുട്ടികളുടേയും മുന്‍പില്‍ പരസ്യമായി മദ്യപിച്ച് അസഭ്യ വര്‍ഷം നടത്തി. ഇത് ചോദ്യം ചെയ്ത പൊതുപ്രവര്‍ത്തകരെ നഗ്നതാ പ്രദര്‍ശനം നടത്തി അസഭ്യവര്‍ഷം തുടരുകയായിരുന്നു. പ്രദേശത്തെ ചില സാമൂഹ്യവിരുദ്ധരുമായി ചേര്‍ന്നാണ് വാര്‍ഡ് കൗണ്‍സിലര്‍ മദ്യപിച്ച് ലക്ക് കെട്ട് അസഭ്യവര്‍ഷം നടത്തിയത്. ഇത് ചോദ്യം ചെയ്തത് മുന്നോട്ട് വന്ന നാട്ടുകാരെ അക്രമിക്കാന്‍ മുതിരുന്നതിനിടെയാണ് വാര്‍ഡ് കൗണ്‍സിലര്‍ ഉള്‍പ്പെടുന്ന മദ്യപസംഘവുമായി സംഘര്‍ഷമുണ്ടാകുന്നത്.

ചന്തവിളയിലെ ജനാധിപത്യവിശ്വാസികള്‍ വോട്ട് ചെയ്ത് വിജയിപ്പിച്ച ജനപ്രതിനിധിയാണ് സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനത്തിലേര്‍പ്പെടുന്നത്. മദ്യത്തിനും കഞ്ചാവിനും എതിരേ നടപടിയെടുക്കാന്‍ ഇടപെടേണ്ട വാര്‍ഡ് കൗണ്‍സിലറാണ് സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനത്തിലേര്‍പ്പെടുന്നത്. ഇത് തിരിച്ചറിയാതെ മേയറും ഉന്നത രാഷ്ട്രീയ നേതാക്കളും അക്രമിയെ ന്യായീകരിക്കുന്നത് വസ്തുകള്‍ മറച്ചുവെച്ചാണ്. അക്രമത്തിനും സാമൂഹിക വിരുദ്ധ പ്രവര്‍ത്തനത്തിനും നേതൃത്വം നല്‍കിയതുകൊണ്ടാണ് മംഗലപുരം പോലിസ് വാര്‍ഡ് കൗണ്‍സിലറുടെ കൂട്ടാളികള്‍ക്കേതിരേ കേസെടുത്തത്.

നാട്ടിലെ സമാധാനന്തരീക്ഷത്തെ തകര്‍ക്കാന്‍ വാര്‍ഡ് കൗണ്‍സിലര്‍ തന്നെ രംഗത്തിറങ്ങുന്നത് ദൗര്‍ഭാഗ്യകരമാണ്. സിപിഐ പ്രതിനിധിയായ വാര്‍ഡ് കൗണ്‍സിലറെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാന്‍ പാര്‍ട്ടി നേതൃത്വം തയ്യാറാകണം. സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന കൗണ്‍സിലറെ പുറത്താക്കാന്‍ കോര്‍പറേഷന്‍ മേയര്‍ സന്നദ്ധമാവണമെന്ന് എസ്ഡിപിഐ കഴക്കൂട്ടം മണ്ഡലം പ്രസിഡന്റ് സാജിദ് ചന്തവിള പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

Tags: