യോഗി പോലിസിന്റെ ഭീകരവേട്ടക്കെതിരേ ആലംകോട് പോപുലര്‍ ഫ്രണ്ട് നയവിശദീകരണയോഗം

Update: 2021-02-26 13:11 GMT

ആറ്റിങ്ങല്‍: യോഗിയുടെ യുപിയില്‍ നടക്കുന്നതെന്ത്- എന്ന തലക്കെട്ടില്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ആറ്റിങ്ങല്‍ ഡിവിഷന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ആലംകോട് നയവിശദീകരണയോഗം നടന്നു. യോഗം പോപുലര്‍ ഫ്രണ്ട് ഡിവിഷന്‍ സെക്രട്ടറി അബ്ദുല്‍ ഒഫൂര്‍ മൗലവി ഉദ്ഘാടനം ചെയ്തു. രാജ്യത്ത് ആര്‍എസ്എസിന്റെ സമ്പൂര്‍ണ നിയന്ത്രണത്തിലുള്ള സര്‍ക്കാരാണ് ഭരണം നടത്തുന്നത്. അനീതിമാത്രമേ ഈ സര്‍ക്കാരുകളില്‍ നിന്ന് പ്രതീക്ഷിക്കേണ്ടതുള്ളൂവെന്നും ഒഫൂര്‍ മൗലവി പറഞ്ഞു.


 



പൗരത്വ പ്രക്ഷോഭങ്ങളില്‍ പങ്കെടുത്ത 23 പേരെയാണ് യുപി പോലിസ് വെടിവെച്ച് കൊന്നത്. ഈ കിരാത നടപടിക്കെതിരേ കോടതിയെ സമീപിച്ചതോടെയാണ് പോപുലര്‍ ഫ്രണ്ട് യോഗി പോലിസിന്റെ കണ്ണിലെ കരടാവാന്‍ തുടങ്ങിയതെന്ന് മുഖ്യപ്രഭാഷണം നടത്തിയ സിയാദ് തൊളിക്കോട് പറഞ്ഞു. യോഗി പോലിസിന്റെ കിരാത വാഴ്ചക്കെതിരേ നിരവധി പൊതു താല്‍പര്യഹര്‍ജികളാണ് കോടതിയില്‍ വന്നത്. പോപുലര്‍ ഫ്രണ്ട് നിയമപോരാട്ടം ആരംഭിച്ചതു മുതല്‍ പ്രവര്‍ത്തകരെ കള്ളക്കേസുകള്‍ ചുമത്തി മാസങ്ങളോളം ജയിലിലടക്കുകയാണ്.

സംഘടന വ്യാപനവുമായി ബന്ധപ്പെട്ട് ഉത്തരേന്ത്യയില്‍ പ്രവര്‍ത്തിക്കവേയാണ് രണ്ട് പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ യുപി പോലിസ് തട്ടിക്കൊണ്ട് പോയത്. ഫെബ്രുവരി 11ന് തട്ടിക്കൊണ്ടുപോയ ഇവരെ കുടുംബത്തിന്റെ പരാതിയെ തുടര്‍ന്ന് തിടുക്കത്തില്‍ യുപി പോലിസ് വാര്‍ത്താസമ്മേളനം നടത്തി ഭീകരരെ പിടികൂടി എന്ന മട്ടില്‍ അവതരിപ്പിക്കുകയായിരുന്നു. ഇതിന് മുന്‍പ് ഹാഥ്‌റസില്‍ ദലിത് പെണ്‍കുട്ടിയെ പീഡിപ്പിച്ചപ്പോള്‍ വാര്‍ത്തശേഖരിക്കാന്‍ പോയ മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പനെയും കൂടെയുണ്ടായിരുന്ന മൂന്ന് കാംപസ് ഫ്രണ്ട് പ്രവര്‍ത്തകരെയും യുഎപിഎ ചാര്‍ത്തി ജയിലിലാക്കി. മറ്റൊരു കേസില്‍ നിരപരാധിയെന്ന് കണ്ട് കേരള ഹൈക്കോടതി ജാമ്യം നല്‍കിയ കാംപസ് ഫ്രണ്ട് ദേശീയ ജനറല്‍ സെക്രട്ടറി റഊഫ് ഷെരീഫിനെ, ജയിലില്‍ നിന്ന് യുപി പോലിസ് പിടികൂടി ലക്‌നൗ ജയിലിലടച്ചു. ഇത്തരം കാടത്തത്തിലൂടെ ഇന്ത്യന്‍ മുസ്‌ലിംകളുടെ പ്രതീക്ഷയായ പോപുലര്‍ ഫ്രണ്ടിനെ ഇല്ലാതാക്കാമെന്നാണ് യോഗി പോലിസ് കരുതുന്നത്. ജയിലറകൊണ്ടോ, നിരോധനം കൊണ്ടോ ഈ സംഘത്തെ തകര്‍ക്കാമെന്നത് വ്യാമോഹം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. യോഗത്തില്‍ ഏരിയ പ്രസിഡന്റ് നൂറുദ്ദീന്‍ മൗലവി അധ്യക്ഷത വഹിച്ചു.

Tags:    

Similar News