ലോക്ക് ഡൗണിന്റെ മറവിലെ മുസ്‌ലിം വേട്ട അവസാനിപ്പിക്കണം: വെല്‍ഫെയര്‍ പാര്‍ട്ടി

Update: 2020-04-28 16:23 GMT

തിരുവനന്തപുരം: ലോക്ക് ഡൗണിനെ മറയാക്കി പൗരത്വ പ്രക്ഷോഭത്തിന് നേതൃത്വം കൊടുത്ത മുസ്‌ലിം വിദ്യാര്‍ഥികളെയും മറ്റു മനുഷ്യാവകാശ പ്രവര്‍ത്തകരെയും വേട്ടയാടുന്ന ഡല്‍ഹി പോലിസിന്റെ നടപടി അവസാനിപ്പിക്കണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം ആവശ്യപ്പെട്ടു. ജെഎന്‍യുവിലെ മുന്‍ വിദ്യാര്‍ഥി നേതാവ് ഡോ. ഉമര്‍ ഖാലിദ്, ജാമിഅ മില്ലിയയിലെ വിദ്യാര്‍ഥി നേതാക്കളായ മീരാന്‍ ഹൈദര്‍, സഫൂറ സര്‍ഗാര്‍, പൂര്‍വ വിദ്യാര്‍ഥി സംഘടനയുടെ അധ്യക്ഷനായ ഷിഫാ ഉര്‍ റഹ്മാന്‍ എന്നിവര്‍ക്കെതിരേ ഡല്‍ഹി കലാപത്തിന് നേതൃത്വം നല്‍കിയെന്ന പേരില്‍ യുഎപിഎ ചുമത്തിയിരിക്കുന്നു. പൗരത്വ പ്രക്ഷോഭത്തിന് നേതൃത്വം കൊടുത്ത ഇവര്‍ക്കെതിരേ കള്ളക്കേസാണ് എടുത്തിരിക്കുന്നത്. ഡല്‍ഹിയില്‍ നടന്ന വംശീയ കലാപത്തിന്റെ സൂത്രധാരകര്‍ സംഘപരിവാര്‍ നേതാക്കളാണെന്നത് എല്ലാവര്‍ക്കും അറിവുള്ള കാര്യമാണ്. സംഘപരിവാര്‍ ആസൂത്രണം ചെയ്ത വംശഹത്യയാണ് ഡല്‍ഹിയില്‍ നടന്നത്. ഇതിനു നേതൃത്വം വഹിച്ച ബിജെപി നേതാക്കള്‍ പരസ്യമായി വിലസിക്കൊണ്ടിരിക്കുമ്പോഴാണ് ഡല്‍ഹി പോലിസിനെ ഉപയോഗിച്ച് കേന്ദ്ര അഭ്യന്തര മന്ത്രാലയം നിരപരാധികളെ ജയിലിലടച്ച് കൊണ്ടിരിക്കുന്നത്.

    പൊതുനിരത്തില്‍ ജനങ്ങള്‍ക്ക് പ്രതിഷേധം സംഘടിപ്പിക്കാന്‍ കഴിയാത്ത കൊവിഡ് സാഹചര്യത്തെ തന്ത്രപരമായി ഉപയോഗിക്കുകയാണ് പ്രധാനമന്ത്രി മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും ചെയ്യുന്നത്. ദുരന്ത സന്ദര്‍ഭത്തെ പോലും വംശീയ ഉന്‍മൂലനത്തിന് ഉപയോഗിക്കുന്ന നീച രാഷ്ട്രീയമാണ് സംഘപരിവാര്‍ നടപ്പാക്കുന്നത്. ഭീമാ കൊറഗോവ് സമര നേതാക്കളെയും എന്‍ ഐഎയെ ഉപയോഗിച്ച് ഇതേ സമയത്ത് തന്നെ അറസ്റ്റ് ചെയ്തു. അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ സഫൂറ സര്‍ഗാര്‍ മൂന്ന് മാസം ഗര്‍ഭിണിയാണ്. മനുഷ്യത്വപരമായ സമീപനം പോലും ഇല്ലാത്ത ഫാഷിസത്തിന്റെ യഥാര്‍ഥ മുഖമാണ് അനാവരണം ചെയ്യപ്പെടുന്നത്. രാജ്യത്തെമ്പാടും ഉയര്‍ന്ന പൗരത്വ പ്രക്ഷോഭങ്ങള്‍ക്ക് തുടക്കമിട്ട ഡല്‍ഹിയിലെ വിദ്യാര്‍ഥി സമൂഹത്തോടുള്ള ഭരണകൂടത്തിന്റെ പ്രതികാരവും ലോക്ക് ഡൗണിനു ശേഷം പൗരത്വ പ്രക്ഷോഭം കരുത്താര്‍ജ്ജിക്കാതിരിക്കാനുമാണ് വിദ്യാര്‍ത്ഥി നേതാക്കളെ കേസില്‍ കുരുക്കുന്നത്. സംഘപരിവാര്‍ നടത്തുന്ന മുസ് ലിം വേട്ടയുടെ ഭാഗമാണിത്. രാജ്യത്തെ പൗരസമൂഹം ഒന്നടങ്കം ഇതിനെതിരേ പ്രതിഷേധിക്കണമെന്നും ലോക്ക് ഡൗണിന് ശേഷം പൗരത്വ പ്രക്ഷോഭത്തില്‍ ശക്തമായി അണിനിരക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.



Tags: