ഫീസ് അടയ്ക്കാന്‍ വൈകി; തിരുവനന്തപുരത്ത് ഏഴാം ക്ലാസുകാരനെ തറയിലിരുത്തി പരീക്ഷ എഴുതിച്ചു

Update: 2023-08-25 04:36 GMT

തിരുവനന്തപുരം: ഫീസ് അടക്കാന്‍ വൈകിയതിന് ഏഴാം ക്ലാസുകാരനെ തറയിലിരുത്തി പരീക്ഷ എഴുതിച്ചതായി റിപ്പോര്‍ട്ടുകള്‍. തിരുവനന്തപുരം ആല്‍ത്തറ ജംഗ്ഷനിലെ ശ്രീവിദ്യാധിരാജ ഹൈസ്‌ക്കൂളിലാണ് സംഭവം. പരീക്ഷ നടക്കുന്നതിനിടെ ഹാളിലേക്ക് വന്ന പ്രിന്‍സിപ്പല്‍ ജയരാജാണ് കുട്ടിയെ തറയിലിരുത്തിയതെന്നാണ് വിവരം. 'ഫീസ് അടയ്ക്കാത്തവരോട് എണീക്കാന്‍ പറഞ്ഞു. അപ്പോള്‍ ഞാന്‍ പറഞ്ഞു, സാര്‍ എനിക്കറിയത്തില്ല, അച്ഛനെ വിളിച്ച് നോക്കെന്ന്. അപ്പോള്‍ അവര് കേട്ടില്ല. നിന്നെ എനിക്ക് വിശ്വാസമില്ല, നീ പുറത്തിറങ്ങ്, നീ തറയിലിരിക്ക്, ഫീസ് അടയ്ക്കാത്തവര്‍ ഇനി തറയിലാണ് ഇരിക്കുന്നതെന്ന് പറഞ്ഞു. പബ്ലിക്കിന് മുന്നില്‍ വച്ച് അങ്ങനെ പറഞ്ഞു. '- വിദ്യാര്‍ത്ഥി ഒരു ചാനലിനോട് പറഞ്ഞു.

വിവരമറിഞ്ഞ് സ്‌കൂളിലേക്ക് വിളിച്ച പിതാവിനോട് ഭംഗിയുള്ള തറയിലാണ് ഇരുത്തിയതെന്നായിരുന്നു പ്രിന്‍സിപ്പലിന്റെ മറുപടി. ഇനി ഈ സ്‌കൂളിലേക്ക് കുട്ടിയെ അയക്കില്ലെന്ന് പിതാവ് വ്യക്തമാക്കി. കുടുംബം ശിശുക്ഷേമ സമിതിയില്‍ പരാതി നല്‍കിയിട്ടുണ്ട്. അതേസമയം, സംഭവം വിവാദമായതോടെ പ്രിന്‍സിപ്പലിനെ മാനേജ്‌മെന്റ് സസ്പെന്‍ഡ് ചെയ്തു.






Tags: