ശക്തമായ കാറ്റും മോശം കാലാവസ്ഥയും; മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണം

കേരളതീരത്ത് ഇനി ഒരറിയിപ്പ് ഉണ്ടാകുന്നത് വരെ മത്സ്യബന്ധനം പാടില്ല

Update: 2022-05-15 09:47 GMT

തിരുവനന്തപുരം: ഇന്നും (മെയ് 15) നാളെയും കേരള ലക്ഷദ്വീപ് കര്‍ണാടക തീരങ്ങളിലും മെയ് 17 വരെ ഗള്‍ഫ് ഓഫ് മാന്നാര്‍, കന്യാകുമാരി തീരം എന്നിവിടങ്ങളിലും മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഈ സാഹചര്യത്തില്‍ കേരളലക്ഷദ്വീപ് കര്‍ണാടക തീരങ്ങളിലും മുന്നറിയിപ്പുള്ള മറ്റു സ്ഥലങ്ങളിലും ഇനി ഒരറിയിപ്പ് ഉണ്ടാകുന്നതുവരെ മത്സ്യബന്ധനത്തിന് പോകരുതെന്ന് ജില്ലാ കലക്ടര്‍ ഡോ.നവ്‌ജ്യോത് ഖോസ അറിയിച്ചു.

മത്സ്യതൊഴിലാളികള്‍ക്കുള്ള മുന്നറിയിപ്പുകള്‍ ലഭിച്ചാല്‍ ചുവടെ ചേര്‍ക്കുന്ന നടപടികള്‍ ഫിഷറീസ് വകുപ്പും തീരദേശ പോലിസും മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റും സ്വീകരിക്കണമെന്നും കലക്ടര്‍ അറിയിച്ചു.

എല്ലാ മത്സ്യ ഗ്രാമങ്ങളിലും ഫിഷ് ലാന്‍ഡിങ് സെന്ററിലും മൈക്കിലൂടെ വിവരം വിളിച്ചറിയിക്കുക

അമ്പലങ്ങള്‍, പള്ളികള്‍ എന്നിവയിലൂടെയും മത്സ്യത്തൊഴിലാളി കൂട്ടായ്മകളിലൂടെയും സാമൂഹിക സംഘടനകളിലൂടെയും വിവരം എല്ലാ മത്സ്യത്തൊഴിലാളികളിലും എത്തിക്കുക

മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള മത്സ്യ തൊഴിലാളികള്‍ അധികമായുള്ള പ്രദേശങ്ങളില്‍ തമിഴ്, ഹിന്ദി എന്നീ ഭാഷകളിലും വിവരം മൈക്കിലൂടെ വിളിച്ച് അറിയിക്കുവാന്‍ നിര്‍ദ്ദേശിക്കുക

വള്ളവും വലയും ഏറ്റവും അടുത്തുള്ള മത്സ്യബന്ധന തുറമുഖത്ത് സൂക്ഷിക്കുന്നതാണ് കടല്‍ ക്ഷോഭത്തില്‍ നിന്ന് ഇവ സംരക്ഷിക്കാന്‍ ഏറ്റവും ഉചിതം. ഈ വിവരവും വ്യക്തിഗത സുരക്ഷാ ഉപകരണങ്ങള്‍ കയ്യില്‍ കരുതേണ്ട ആവശ്യകതയും മത്സ്യതൊഴിലാളികളെ നിരന്തരം ഓര്‍മ്മപ്പെടുത്തുക.

മത്സ്യ തൊഴിലാളി സുരക്ഷാ സന്ദേശങ്ങള്‍ ഉള്‍പ്പെടുത്തി പത്ര പരസ്യം നല്‍കുക.

Tags:    

Similar News