അതിശക്തമായ മഴയ്ക്കു സാധ്യത; ജില്ലയില്‍ യെല്ലോ അലേര്‍ട്ട്

ഇന്നും നാളെയും 08, 10, 11 തിയ്യയതികളിലും ജില്ലയില്‍ യെല്ലോ അലേര്‍ട്ട്

Update: 2021-08-07 09:30 GMT

തിരുവനന്തപുരം: അതിശക്തമായ മഴയ്ക്കുള്ള സാധ്യത മുന്‍നിര്‍ത്തി കേന്ദ്ര കാലാവസ്ഥാ വകുപ്പ് തിരുവനന്തപുരം ജില്ലയില്‍ ഇന്നും നാളെയും 10, 11 തിയ്യതികളിലും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂറില്‍ 64.5 മുതല്‍ 204.4 മില്ലി മീറ്റര്‍ വരെ മഴ പെയ്യാന്‍ സാധ്യതയുണ്ടെന്നാണു മുന്നറിയിപ്പ്. പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നു ജില്ലാ കലക്ടര്‍ ഡോ. നവ്‌ജ്യോത് ഖോസ അഭ്യര്‍ഥിച്ചു.

ശക്തമായ മഴയെത്തുടര്‍ന്ന് ആളുകളെ മാറ്റിപ്പാര്‍പ്പിക്കേണ്ട സാഹചര്യമുണ്ടായാല്‍ പൊതുജനങ്ങള്‍ അധികൃതരോടു സഹകരിക്കണമെന്നു കലക്ടര്‍ പറഞ്ഞു. തീര പ്രദേശത്തു കടലാക്രമണത്തിനു സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം. ആവശ്യമെങ്കില്‍ മാറി താമസിക്കണം. മത്സ്യബന്ധനോപധികള്‍ സുരക്ഷിതമാക്കിവയ്ക്കണം. അടച്ചുറപ്പില്ലാത്ത വീടുകളില്‍ താമസിക്കുന്നവരും മേല്‍ക്കൂര ശക്തമല്ലാത്ത വീടുകളില്‍ താമസിക്കുന്നവരും മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തില്‍ സുരക്ഷയെക്കരുതി മാറിത്താമസിക്കാന്‍ തയാറാകണം.

സ്വകാര്യ, പൊതു ഇടങ്ങളില്‍ അപകടാവസ്ഥയില്‍നില്‍ക്കുന്ന മരങ്ങള്‍, പോസ്റ്റുകള്‍, ബോര്‍ഡുകള്‍ തുടങ്ങിയവ സുരക്ഷിതമാക്കണം. മരങ്ങള്‍ കോതി ഒതുക്കണം. അപകട സാഹചര്യങ്ങള്‍ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തണം. ദുരിതാശ്വാസ കാംപുകളിലേക്കു മാറേണ്ട സ്ഥിതിയുണ്ടായാല്‍ കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും കലക്ടര്‍ പറഞ്ഞു.

Tags:    

Similar News