ശക്തമായ കാറ്റിനു സാധ്യത; മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത്

ശക്തമായ തിരമാലയ്ക്കും സാധ്യത

Update: 2021-07-20 10:11 GMT

തിരുവനന്തപുരം: കേരള-കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്നു മുതല്‍ 24 വരെ മണിക്കൂറില്‍ 40 മുതല്‍ 50 കി.മീ. വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനു സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുള്ളതിനാല്‍ ഈ ദിവസങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നു ജില്ലാ കലക്ടര്‍ ഡോ. നവ്‌ജ്യോത് ഖോസ അറിയിച്ചു.

തെക്കന്‍, മധ്യ ബംഗാള്‍ ഉള്‍ക്കടല്‍, തെക്ക്പടിഞ്ഞാറ്, മധ്യപടിഞ്ഞാറ്, വടക്കന്‍ അറബിക്കടല്‍ എന്നീ സമുദ്രഭാഗങ്ങളില്‍ ഇന്നു മുതല്‍ 24 വരെ മണിക്കൂറില്‍ 40 മുതല്‍ 50 കി.മീ വരെയും ചില അവസരങ്ങളില്‍ 60 കി.മീ വരെയും തെക്ക് കിഴക്കന്‍ അറബിക്കടലില്‍ ഇന്നു മുതല്‍ 24 വരെ മണിക്കൂറില്‍ 40 മുതല്‍ 50 കി.മീ വരെയും വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.

തമിഴ്‌നാട് തീരം, ഗള്‍ഫ് ഓഫ് മാന്നാര്‍ എന്നീ പ്രദേശങ്ങളില്‍ ഇന്നു മണിക്കൂറില്‍ 35 മുതല്‍ 45 കി.മീ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും തമിഴ്‌നാട് തീരം, ഗള്‍ഫ് ഓഫ് മാന്നാര്‍, ആന്ധ്രാ തീരങ്ങള്‍ എന്നീ പ്രദേശങ്ങളില്‍ ജൂലൈ 21 മുതല്‍ 24 വരെ മണിക്കൂറില്‍ 35 മുതല്‍ 45 കി.മീ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്. അതിനാല്‍ ഈ ദിവസങ്ങളില്‍ ഈ പ്രദേശങ്ങളില്‍ മത്സ്യബന്ധനത്തിനു പോകാന്‍ പാടില്ലെന്നും കലക്ടര്‍ അറിയിച്ചു.

ശക്തമായ തിരമാലയ്ക്കും സാധ്യത; ജാഗ്രതാ നിര്‍ദേശം

കേരള തീരത്ത് വിഴിഞ്ഞം മുതല്‍ കാസര്‍ഗോഡ് വരെ നാളെ 21 രാത്രി 11.30 വരെ 2.5 മുതല്‍ 3.6 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നു ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചിട്ടുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നു ജില്ലാ കലക്ടര്‍ ഡോ. നവ്‌ജ്യോത് ഖോസ അറിയിച്ചു.

കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണം. മത്സ്യബന്ധന യാനങ്ങള്‍ ഹാര്‍ബറില്‍ കെട്ടിയിട്ടു സൂക്ഷിക്കണം. മത്സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കണമെന്നും കലക്ടര്‍ അറിയിച്ചു.

Tags:    

Similar News