മംഗലപുരത്ത് പട്ടാപ്പകൽ ഗുണ്ടാ വിളയാട്ടം

സഹോദരങ്ങൾ തമ്മിലുള്ള വസ്തു തർക്കമാണ് അക്രമത്തിന് കാരണമായത്. ഇളയ സഹോദരന്‍റെ വീടാക്രമിക്കാൻ മൂത്ത സഹോദരൻ ക്വട്ടേഷൻ നൽകിയെന്നാണ് പരാതി.

Update: 2020-01-13 07:15 GMT

തിരുവനന്തപുരം: മംഗലപുരത്ത് പട്ടാപ്പകൽ ഗുണ്ടാ വിളയാട്ടം. അക്രമികള്‍ വീടിന്റെ മതില്‍ പൊളിച്ച് വീട്ടുകാരെ ആക്രമിച്ചു. സഹോദരങ്ങൾ തമ്മിലുള്ള വസ്തു തർക്കമാണ് അക്രമത്തിന് കാരണമായത്. ഇളയ സഹോദരന്‍റെ വീടാക്രമിക്കാൻ മൂത്ത സഹോദരൻ ക്വട്ടേഷൻ നൽകിയെന്നാണ് പരാതി. 


അക്രമത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. മംഗലപുരം കുറവക്കോട് സ്വദേശി നിസാമുദ്ദീന്റെ വീട്ടിലാണ് കഴിഞ്ഞദിവസം ആക്രമണം ഉണ്ടായത്. വഴിത്തര്‍ക്കമാണ് ഗുണ്ടകളുടെ അക്രമത്തില്‍ കലാശിച്ചത്. ചുറ്റുമതിലുകൾ അടിച്ചുതകർത്തശേഷം വീട്ടിലേക്ക് കയറി നിസാമുദ്ദീന്റെ പന്ത്രണ്ടുകാരിയായ മകളെയും മാതാവിനേയും അസഭ്യം പറഞ്ഞ് കയ്യേറ്റം ചെയ്തെന്നാണ് പരാതി. മൂത്ത സഹോദരനായ സെയ്ഫുദ്ദീനാണ് അക്രമത്തിന് പിന്നിലെന്നാണ് നിസാമുദ്ദീൻ ആരോപിക്കുന്നത്. നിസാമുദീന്‍റെ പരാതിയിൽ മംഗലപുരം സ്വദേശി സെയ്ഫുദീൻ അടക്കം മൂന്ന് പേർക്കെതിരെ പോലിസ് കേസെടുത്തു. ബന്ധുക്കളായ മുനീറിനെയും മുഹമ്മദ് ഷാഫിയെയും മർദ്ദിച്ചതായും പരാതിയുണ്ട്.

സമീപവീടുകളിൽ താമസിക്കുന്ന നിസാമുദ്ദീനും സെയ്ഫുദ്ദീനും തമ്മിൽ വസ്തുക്കർക്കമുണ്ട്. റോഡിന് സ്ഥലം നൽകുന്നതിനെ ചൊല്ലിയുള്ള തർക്കത്തിൽ നിസാമുദ്ദീന് അനുകൂലമായ കോടതിവിധി വന്നതോടെ വീടിന് ചുറ്റും മതിൽ കെട്ടി. ഇതിലുള്ള വൈരാഗ്യമാണ് അക്രമത്തിന് കാരണമെന്നും പരാതിയുണ്ട്. 

Tags:    

Similar News