കിളിമാനൂരില്‍ വാഹനാപകടത്തില്‍ ദമ്പതികള്‍ മരിച്ച സംഭവം; മൂന്ന് പോലിസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍
തിരുവനന്തപുരം: കിളിമാനൂരില്‍ വാഹനാപകടത്തില്‍ ദമ്പതികള്‍ മരിച്ച സംഭവത്തില്‍ മൂന്നു പോലിസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. കിളിമാനൂര്‍ എസ്എച്ച്ഒ ഡി ജയന്‍, എസ്‌ഐമാരായ അരുണ്‍, ഷജീം എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. കേസ് കൈകാര്യം ചെയ്യുന്നതില്‍ ഗുരുതര വീഴ്ചയുണ്ടായെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. അപകടം ഉണ്ടായ ദിവസം കേസ് രജിസ്റ്റര്‍ ചെയ്തിരുന്നില്ല. നാട്ടുകാര്‍ പിടികൂടി പോലിസില്‍ ഏല്‍പ്പിച്ച വാഹനമോടിച്ച പ്രതി വിഷ്ണുവിനെ വിട്ടയച്ചതും ഗുരുതര വീഴ്ചയാണെന്നാണ് കണ്ടെത്തല്‍. പിറ്റേദിവസം വന്നാല്‍ മതിയെന്ന് പറഞ്ഞ് നോട്ടീസ് നല്‍കി വിട്ടയക്കുകയായിരുന്നു. ഇതിനാലാണ് പ്രതി ഒളിവില്‍ പോയതെന്നുമാണ് റിപ്പോര്‍ട്ട്. തിരുവനന്തപുരം റേഞ്ച് ഐജിയാണ് പോലിസുകാരെ സസ്‌പെന്‍ഡ് ചെയ്തുകൊണ്ട് ഉത്തരവിറക്കിയത്.
അതേസമയം, കിളിമാനൂരില്‍ വാഹനാപകടത്തില്‍ ദമ്പതികള്‍ മരിച്ച സംഭവത്തില്‍ മുഖ്യപ്രതിയായ വിഷ്ണുവിന്റെ സുഹൃത്ത് അറസ്റ്റിലായി. വിഷ്ണുവിനെ രക്ഷപ്പെടാന്‍ അടക്കം സഹായിച്ച ആദര്‍ശ് (29) ആണ് പിടിയിലായത്. കിളിമാനൂര്‍ പോലിസ് പ്രതിയെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി. വിഷ്ണുവിനെ ഒളിവില്‍ പോകാന്‍ സഹായിച്ചതും ഫോണ്‍ സിം കാര്‍ഡ് എടുത്തു നല്‍കിയതും ആദര്‍ശാണെന്ന് പോലിസ് അറിയിച്ചു. കേസിലെ മുഖ്യപ്രതിയായ വിഷ്ണുവിനായി പോലിസ് അന്വേഷണം ഊര്‍ജിതമാണ്. ഒളിവിലുള്ള വിഷ്ണുവിനെ കണ്ടെത്താന്‍ തമിഴ്‌നാട്ടിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. നെയ്യാറ്റിന്‍കര സ്വദേശിയാണ് അറസ്റ്റിലായ ആദര്‍ശ്. കേസിലെ ആദ്യ അറസ്റ്റാണിത്.
കഴിഞ്ഞ മൂന്നിന് വൈകിട്ട് മൂന്നരയ്ക്ക് സംസ്ഥാന പാതയില്‍ പാപ്പാലയിലായിലുണ്ടായ അപകടത്തിലാണ് കിളിമാനൂര്‍ സ്വദേശികളായ രജിത്തും അംബികയും മരിച്ചത്. ഇവര്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറിന് പിന്നില്‍ അമിതേവഗത്തില്‍ വന്ന ഥാര്‍ ജീപ്പിടിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ അംബിക ഏഴാം തിയ്യതിയാണ് മരിച്ചത്. കഴിഞ്ഞ ദിവസം കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ വച്ച് രജിത്തും മരിച്ചു. സംഭവം നടന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാത്തതില്‍ നാട്ടുകാര്‍ പോലിസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് അടക്കം നടത്തിയിരുന്നു. കഴിഞ്ഞദിവസം പ്രതിഷേധിച്ചവര്‍ക്കെതിരെ കേസെടുത്തതോടെ നാട്ടുകാരുടെ രോഷം കൂടി. പഞ്ചായത്തംഗം ഉള്‍പ്പടെ 59 പേര്‍ക്കെതിരെയാണ് കേസ്. അപകടമുണ്ടായക്കിയാളെ പിടികൂടാത്തതിനെതിരെയായിരുന്നു നാട്ടുകാര്‍ പ്രതിഷേധിച്ചത്. രജിത്തിന്റെയും അംബികയുടെയും മക്കളെയും കൊണ്ടായിരുന്നു കിളിമാനൂര്‍ സ്റ്റേഷനു മുന്നിലെ നാട്ടുകാരുടെ പ്രതിഷേധം.

