നെടുമങ്ങാട് ടൂറിസ്റ്റ് ബസ് മറിഞ്ഞ് ഒരു മരണം; നിരവധി പേര്‍ക്ക് പരിക്ക്,ഡ്രൈവര്‍ പോലിസ് കസ്റ്റഡിയില്‍

Update: 2025-01-17 18:12 GMT

വെമ്പായം: തിരുവനന്തപുരം നെടുമങ്ങാട് ഇരിഞ്ചയത്ത് ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരാള്‍ മരിച്ചു. ബസില്‍ ഉണ്ടായിരുന്ന ദാസിനി (60) ആണ് മരിച്ചത്. കാട്ടാക്കടയില്‍ നിന്ന് മൂന്നാറിലേക്ക് പോയ ടൂറിസ്റ്റ് ബസ് ആണ് അപകടത്തില്‍പെട്ടത്. ബസില്‍ 49 യാത്രക്കാര്‍ ഉണ്ടായിരുന്നതായാണ് വിവരം. നെടുമങ്ങാട് നിന്നും വെമ്പായം പോകുന്ന റോഡില്‍ ബസ് നിയന്ത്രണംവിട്ട് തലകീഴായി മറിയുകയായിരുന്നു എന്നാണ് വിവരം.

ബസില്‍ നിന്നും വലിയതോതില്‍ ഇന്ധനച്ചോര്‍ച്ച ഉണ്ടായിട്ടുണ്ട്. ഇത് റോഡില്‍ പരന്നിട്ടുണ്ട്. അഗ്‌നിരക്ഷാസേന റോഡില്‍നിന്നും ഇന്ധനം വെള്ളം ഉപയോഗിച്ച് നീക്കാനുള്ള ശ്രമം തുടരുകയാണ്. ബസ് പൂര്‍ണമായും ഉയര്‍ത്തിയാല്‍ മാത്രമേ ആരെങ്കിലും ബസിനടിയില്‍ പെട്ടുപോയിട്ടുണ്ടോ എന്നതടക്കം അറിയാനാവൂ. പരിക്കേറ്റവരെ നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി.

അതേസമയം, ടൂറിസ്റ്റ് ബസിന്റെ ഡ്രൈവറെ പോലിസ് കസ്റ്റഡിയില്‍ എടുത്തു. ഒറ്റശേഖരമംഗലപുരം സ്വദേശി അരുള്‍ദാസിനെയാണ് കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്.അപകടത്തിന് പിന്നാലെ ഓടിരക്ഷപെട്ട ഇയാള്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സതേടി. തുടര്‍ന്ന് സുഹൃത്തിന്റെ വീട്ടില്‍ അഭയംതേടുകയായിരുന്നു. ഇയാള്‍ക്ക് നിസാരപരിക്കുകളുണ്ട്.