മരണ വീട്ടിലെത്തിയ ബന്ധുക്കള്‍ തമ്മില്‍ തര്‍ക്കം;55 കാരന്‍ അടിയേറ്റ് മരിച്ചു

Update: 2023-09-06 03:52 GMT
തിരുവനന്തപുരം: മരണവീട്ടിലെത്തിയയാളെ അടുത്ത ബന്ധുക്കള്‍ ക്രൂരമായി മര്‍ദിച്ചുകൊന്നു. കാട്ടാക്കട തൂങ്ങാംപാറ പൊറ്റവിളയില്‍ സംസ്‌കാരച്ചടങ്ങിന് എത്തിയ ജലജന്‍ (55) ആണ് കൊല്ലപ്പെട്ടത്. ജലജനും അടുത്ത ബന്ധുക്കളായ സുനില്‍കുമാറും സഹോദരന്‍ സാബുവും തമ്മിലുണ്ടായ വാക്കുതര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.

അടുത്ത ബന്ധുവിന്റെ സംസ്‌കാരച്ചടങ്ങിന് ചൊവ്വാഴ്ച വൈകിട്ട് നാലോടെ എത്തിയതായിരുന്നു ഇരുഭാഗവും. ഇവിടെനിന്നു മടങ്ങുമ്പോള്‍ ഓട്ടോറിക്ഷയില്‍ എത്തിയ സുനിലും സാബുവും കാറിലെത്തിയ ജലജനുമായി മരണവീടിനു സമീപം വാക്കേറ്റം ഉണ്ടായി. തുടര്‍ന്ന് സഹോദരങ്ങളില്‍ ഒരാള്‍ കല്ലെടുത്ത് ജലജന്റെ മുഖത്തുള്‍പ്പെടെ ഇടിക്കുകയുമായിരുന്നു. പോലിസെത്തിയാണ് ജലജനെ ആശുപത്രിയില്‍ കൊണ്ടുപോയത്.പോലിസെത്തുമ്പോഴേക്കും അക്രമികള്‍ രക്ഷപ്പെട്ടിരുന്നു. സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ട സുനില്‍കുമാര്‍ കാട്ടാക്കട സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. സാബുവിനെ കുരവറയിലെ ഭാര്യവീട്ടില്‍നിന്ന് കസ്റ്റഡിയിലെടുത്തു. സാബു പൂവച്ചലില്‍ ഓട്ടോറിക്ഷ ഡ്രൈവറാണ്. അഞ്ചുവര്‍ഷത്തോളമായി ഇവര്‍ തമ്മില്‍ പലപ്രാവശ്യം പ്രശ്നങ്ങളുണ്ടായിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഇന്നലത്തെ സംഘര്‍ഷം. പാറമുകള്‍ എന്ന സ്ഥലത്ത് 'ന്യൂ ലൈറ്റ് ചാരിറ്റബിള്‍ ട്രസ്റ്റ് ഓഫ് ഇന്ത്യ' എന്ന സംഘടനയുടെ കീഴില്‍ ഓള്‍ഡ് ഏജ് ഹോം നടത്തുകയാണ് ജലജന്‍.






Similar News