കെ റെയില്‍ സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരെ നാവായ്ക്കുളത്ത് പ്രതിഷേധ പ്രകടനവും ധര്‍ണയും

ഈ മാസം 10ന് വേളമാനൂരില്‍ നിന്നാരംഭിക്കുന്ന പദയാത്ര 17ന് വേളിയില്‍ സമാപിക്കും. 27ന് സെക്രട്ടേറിയറ്റിന് മുന്നിലേക്ക് മാര്‍ച്ച് നടത്തുമെന്നും സമരസമിതിയുടെ അറിയിച്ചു.

Update: 2021-10-07 08:34 GMT

ആറ്റിങ്ങല്‍: കെ റെയില്‍ സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരെ കല്ലമ്പലം നാവായ്ക്കുളത്ത് വമ്പിച്ച പ്രതിഷേധ പ്രകടനവും ധര്‍ണയും നടന്നു. നാവായ്ക്കുളം പഞ്ചായത്ത് ഓഫിസിന് മുന്നില്‍ നടന്ന ധര്‍ണ കെ റെയില്‍-സില്‍വര്‍ ലൈന്‍ വിരുദ്ധ സമരസമിതി സംസ്ഥാന കമ്മിറ്റിയംഗം ഇവി പ്രകാശ് ഉദ്ഘാടനം ചെയ്തു.

പദ്ധതിക്കെതിരേ നാവായ്കുളം പഞ്ചായത്ത് ഭരണസമിതി പ്രമേയം പാസാക്കണം. യാതൊരുവിധ ആധികാരിക പഠനവും നടത്താതെ, വിനാശകരമായ കെ റെയില്‍ പദ്ധതിയ്ക്കു വേണ്ടി ജനങ്ങളുടെ ഭൂമി പിടിച്ചെടുക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. സാമൂഹ്യസാമ്പത്തിക പാരിസ്ഥിതിക ദുരന്തം സൃഷ്ടിക്കുന്നതും കേരളത്തെ രണ്ടായി വിഭജിക്കുന്നതുമാണ് പദ്ധതി. കെ റെയില്‍ പദ്ധതിയ്ക്ക് ഒരു തുണ്ട് ഭൂമിയും ഇരകള്‍ വിട്ടുകൊടുക്കില്ല. സര്‍ക്കാര്‍ എത്രയും വേഗം ഈ പദ്ധതിയില്‍ നിന്ന് പിന്മാറിയില്ലെങ്കില്‍ ശക്തമായ ബഹുജന പ്രക്ഷോഭത്തെ നേരിടേണ്ടിവരും. കെ റെയില്‍ പദ്ധതി ഉപേക്ഷിക്കുന്നതുവരെ സമരം നടത്തുമെന്നും സമരസമിതി നേതാക്കള്‍ പറഞ്ഞു.

തട്ടുപാലം ജങ്ഷനില്‍ നിന്ന് ആരംഭിച്ച പ്രകടനത്തിലും ധര്‍ണയിലും നിരവധി പേര്‍ പങ്കെടുത്തു. ധര്‍ണയ്ക്ക് ശേഷം പഞ്ചായത്ത് ഭരണസമിതിക്ക് നിവേദനവും നല്‍കി.

ധര്‍ണയില്‍ സമരസമിതി ജില്ലാ കണ്‍വീനര്‍ രാമചന്ദ്രന്‍ കരവാരം മുഖ്യപ്രഭാഷണം നടത്തി. സമരസമിതി നാവായ്കുളം പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി നസീറുദ്ദീന്‍ മരുതിക്കുന്ന്, മുന്‍ പഞ്ചായത്ത് അംഗം നിസാമുദ്ദീന്‍, ബിഎസ്പി വനിതാ നേതാവ് അനു, ഐഎന്‍ടിയുസി മണ്ഡലം പ്രസിഡന്റ് സജീര്‍, കോട്ടറകോണം രാജു, ഷൈജു തുടങ്ങിയവര്‍ സംസാരിച്ചു.

ഈ മാസം 10ന് വേളമാനൂരില്‍ നിന്നാരംഭിക്കുന്ന പദയാത്ര 17ന് വേളിയില്‍ സമാപിക്കും. ഈ മാസം 27ന് സമരസമിതിയുടെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റിന് മുന്നിലേക്ക് മാര്‍ച്ച് നടത്തുമെന്നും സമരസമിതി അറിയിച്ചു.

Tags: