സപ്ലൈക്കോ സൂപ്പര്‍മാര്‍ക്കറ്റിന് പിന്‍വശത്ത് മാലിന്യക്കൂമ്പാരം; നടപടി സ്വീകരിക്കുമെന്ന് കൗണ്‍സിലര്‍ എസ് ഷെമീര്‍

Update: 2021-01-07 09:17 GMT

പത്തനംതിട്ട: സപ്ലൈക്കോ സൂപ്പര്‍മാര്‍ക്കറ്റിന് പിന്‍വശത്തായി മാലിന്യം കുന്നുകൂടിക്കിടക്കുന്നത് പരിസരവാസികള്‍ക്ക് ദുരിതമാവുന്നു. പലതവണ സപ്ലൈക്കോ അധികൃതരോട് മാലിന്യം നീക്കംചെയ്യാന്‍ ആവശ്യപ്പെട്ടെങ്കിലും ചെവികൊണ്ടിട്ടില്ല. വര്‍ഷങ്ങളായുള്ള മാലിന്യമായതിനാല്‍ ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാവും. പഴകിയ അരിയും മറ്റുമുള്ള പലചരക്ക് സാധനങ്ങളായതിനാല്‍ എലിശല്യവും രൂക്ഷമാണ്. ഇത് പരിസരത്തെ വീടുകള്‍ക്കും മറ്റ് കടകള്‍ക്കും പ്രശ്‌നമുണ്ടാക്കുന്നുണ്ട്.

നഗരസഭ പത്താം വാര്‍ഡ് കൗണ്‍സിലര്‍ എസ് ഷെമീര്‍ സ്ഥലത്തെത്തി പ്രശ്‌നത്തിന്റെ ഗൗരവം മനസ്സിലാക്കി. ഇതിന് പരിഹാരം കാണുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. നഗരസഭ ആരോഗ്യവിഭാഗത്തെ സംഭവം ധരിപ്പിക്കുമെന്നും സപ്ലൈക്കോ അധികൃതരോട് വിശദീകരണം ആവശ്യപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എസ്ഡിപിഐ ബ്രാഞ്ച് പ്രസിഡന്റ് ഷാജി, സെക്രട്ടറി ഷിബു തുടങ്ങിയവര്‍ കൗണ്‍സിലര്‍പ്പമുണ്ടായിരുന്നു.

Tags: