എസ് ഡി പി ഐയില്‍ ചേര്‍ന്നാലും ബി ജെ പിയില്‍ ചേരുന്ന പ്രശ്നമില്ല: എ പദ്മകുമാര്‍
പത്തനംതിട്ട: ബി ജെ പി നേതാക്കള്‍ വീട്ടിലെത്തിയതില്‍ പ്രതികരണവുമായി സി പി എം പത്തനംതിട്ട ജില്ലാ കമ്മിറ്റിയംഗം എ പദ്മകുമാര്‍. ബി ജെ പി പ്രസിഡന്റും മറ്റൊരാളും താനില്ലാത്ത സമയത്താണ് വീട്ടിലേക്ക് വന്നതെന്നും ബി ജെ പിയില്‍ ചേരില്ലെന്നും പദ്മകുമാര്‍ പറഞ്ഞു. ചൊവ്വാഴ്ച വൈകുന്നേരമാണ് ബി ജെ പി പത്തനംതിട്ട ജില്ലാ പ്രസിഡന്റും ജോയന്റ്.സെക്രട്ടറിയും ആറന്മുളയിലെ വീട്ടിലെത്തിയത്. സംസ്ഥാനസമിതിയില്‍ ഇടംനേടാനാവാത്തതിലും ആരോഗ്യമന്ത്രി കൂടിയായ വീണാ ജോര്‍ജിനെ സംസ്ഥാന സമിതിയില്‍ പ്രത്യേക ക്ഷണിതാവാക്കിയതിലുമുള്ള അസംതൃപ്തി പരസ്യമായി പ്രകടിപ്പിച്ചതിന് പിന്നാലെയാണ് ബി ജെ പി നേതാക്കളുടെ സന്ദര്‍ശനം.
ബി ജെ പി ജില്ലാ പ്രസിഡന്റും മറ്റൊരാളും ഇവിടെ വന്നുവെന്ന് പറയുന്നത് കേട്ടു. ഞാന്‍ എസ് ഡി പി ഐയില്‍ ചേര്‍ന്നാലും ബി ജെ പിയില്‍ ചേരുന്ന പ്രശ്നമില്ല. അത് പത്തനംതിട്ട ജില്ലാ പ്രസിഡന്റിനെ അറിയിക്കാന്‍ ഞാന്‍ ആഗ്രഹിക്കുകയാണ്. - എ പദ്മകുമാര്‍ പറഞ്ഞു.തന്റെ അനുവാദം കൂടാതെയാണ് ബി ജെ പി പ്രവര്‍ത്തകര്‍ വീട്ടിലെത്തിയതെന്നും മുറിയുടെ ചിത്രം പകര്‍ത്തിയെന്നും പദ്മകുമാര്‍ പറഞ്ഞു.
ചൊവ്വാഴ്ച വൈകുന്നേരം പദ്മകുമാറിന്റെ വീട്ടിലെത്തിയ ബി ജെ പി. നേതാക്കള്‍ 15 മിനിറ്റ് നേരം പദ്മകുമാറുമായി കൂടിക്കാഴ്ച നടത്തിയിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ആരോഗ്യമന്ത്രി കൂടിയായ വീണാ ജോര്‍ജിനെ സംസ്ഥാന സമിതിയില്‍ പ്രത്യേക ക്ഷണിതാവാക്കിയ പാര്‍ട്ടി തീരുമാനത്തെ വിമര്‍ശിക്കാനുള്ള കാരണങ്ങള്‍ പദ്മകുമാര്‍ ബി ജെ പി നേതാക്കളോട് വിശദീകരിച്ചുവെന്നും വിവരമുണ്ട്. ബി ജെ പിയിലെത്തിയാല്‍ സ്വീകരിക്കാന്‍ തയ്യാറാണെന്ന സംസ്ഥാനനേതൃത്വത്തിന്റെ അഭിപ്രായം അറിയിച്ചുവെന്നാണ് ബി ജെ പി. വൃത്തങ്ങള്‍ അനൗദ്യോഗികമായി അറിയിക്കുന്നത്. എന്നാല്‍ കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട് പ്രതികരിക്കാന്‍ നേതാക്കള്‍ തയ്യാറായില്ല.
അതേസമയം വിഷയത്തില്‍ പദ്മകുമാറിനെതിരേ സി.പി.എം. നടപടിയെടുത്തേക്കും. 12-ാം തിയ്യതി പാര്‍ട്ടി വിഷയം ചര്‍ച്ച ചെയ്യും. നടപടിയെടുത്താല്‍ പിന്നീട് പദ്മകുമാര്‍ എന്ത് നിലപാടാണ് സ്വീകരിക്കുകയെന്നതാണ് രാഷ്ട്രീയ കേന്ദ്രങ്ങള്‍ ഉറ്റുനോക്കുന്നത്.
കഴിഞ്ഞദിവസം സി പി എം സംസ്ഥാന സമ്മേളനത്തില്‍ പുതിയ സംസ്ഥാന സമിതിയെ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് 'ചതിവ്, വഞ്ചന, അവഹേളനം. 52 വര്‍ഷത്തെ ബാക്കിപത്രം. ലാല്‍സലാം' എന്ന് എ. പദ്മകുമാര്‍ ഫെയ്സ്ബുക്കില്‍ കുറിച്ചത്. സംസ്ഥാന സമിതിയില്‍ ഇടം ലഭിക്കാത്തതും വീണാ ജോര്‍ജിനെ സംസ്ഥാന സമിതിയില്‍ പ്രത്യേക ക്ഷണിതാവാക്കിയതുമാണ് അദ്ദേഹത്തെ ചൊടിപ്പിച്ചത്. ഇതിനുപിന്നാലെ ഞായറാഴ്ച രാത്രി 11 മണിയോടെ അദ്ദേഹം കൊല്ലത്തെ സംസ്ഥാന സമ്മേളനവേദിയില്‍നിന്ന് ആറന്മുളയിലെ വീട്ടിലെത്തി. തുടര്‍ന്ന് തിങ്കളാഴ്ച രാവിലെ പതിവുപോലെ ആറന്മുളയിലെ ഷട്ടില്‍ കോര്‍ട്ടില്‍ ബാഡ്മിന്റണ്‍ കളിക്കാനെത്തിയപ്പോഴാണ് തന്റെ നിലപാട് ആവര്‍ത്തിച്ചത്.

