പേരൂര്‍ക്കട ഇഎസ്‌ഐ ആശുപത്രിയില്‍ ശസ്ത്രക്രിയ മുടങ്ങിയ സംഭവം; ഡോക്ടര്‍മാരെ സ്ഥലംമാറ്റി

Update: 2026-02-19 08:06 GMT

തിരുവനന്തപുരം: ഡോക്ടേഴ്‌സിന്റെ തര്‍ക്കത്തെ തുടര്‍ന്ന് തിരുവനന്തപുരം പേരൂര്‍ക്കട ഇഎസ്‌ഐ ആശുപത്രിയില്‍ ശസ്ത്രക്രിയ മുടങ്ങിയ സംഭവത്തില്‍ നടപടി. ആശുപത്രിയിലെ സര്‍ജനെയും അനസ്‌തേഷ്യയിലെ ഡോക്ടറെയും സ്ഥലം മാറ്റി. സര്‍ജന്‍ ഡോ. ഗണേഷ് കുമാര്‍ , അനസ്‌തേഷ്യ വിഭാഗം മേധാവി ഡോക്ടര്‍ ബിനില്‍ എന്നവര്‍ക്കാണ് സ്ഥലംമാറ്റം. കോട്ടയം ഇഎസ്‌ഐ ആശുപത്രിയിലേക്ക് മാറ്റി ഇ എസ് ഐ ഡയറക്ടര്‍ ഉത്തരവിറക്കി.

ഡോക്ടര്‍മാര്‍ തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് ശസ്ത്രക്രിയ മുടങ്ങിയിരുന്നു. പുതിയ ഡോക്ടര്‍മാര്‍ ഇന്നുതന്നെ ചുമതല ഏറ്റെടുക്കും. ഡോക്ടര്‍മാരുടെ തര്‍ക്കത്തെ തുടര്‍ന്ന് അഞ്ച് ശസ്ത്രക്രിയയായിരുന്നു മുടങ്ങിയിരുന്നത്. മന്ത്രി വി ശിവന്‍കുട്ടി ഉള്‍പ്പെടെ വിഷയത്തില്‍ ഇടപെട്ടിരുന്നു. ഇഎസ്‌ഐ ഡയറക്ടര്‍ക്ക് സൂപ്രണ്ട് റിപോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു.

ഇന്ന് രോഗികള്‍ക്ക് വീണ്ടും ശസ്ത്രക്രിയ നടത്താന്‍ നിശ്ചയിച്ചിരുന്നു. എന്നാല്‍ ഇന്നും സമാന രീതിയില്‍ ഡോക്ടര്‍മാര്‍ തമ്മില്‍ വാക്ക് തര്‍ക്കം ഉണ്ടാവുകയും ഡോക്ടര്‍മാര്‍ ഓപ്പറേഷന്‍ തിയേറ്ററില്‍ നിന്ന് ഇറങ്ങിപ്പോവുകയും ചെയ്തിരുന്നു. എല്ലാ തയ്യാറെടുപ്പുകളും ആയി രോഗിയെ തിയറ്ററിനുള്ളില്‍ കയറ്റിയതിനുശേഷം ഡോക്ടര്‍മാര്‍ ഇറങ്ങി പോവുകയായിരുന്നു.