പത്തനംതിട്ടയില്‍ ഓട്ടോ മറിഞ്ഞ് വിദ്യാര്‍ഥികള്‍ മരിച്ച സംഭവം; ഡ്രൈവര്‍ക്ക് എതിരേ കേസ്
പത്തനംതിട്ട: പത്തനംതിട്ട തൂമ്പാക്കുളത്ത് സ്‌കൂള്‍ കുട്ടികളുമായി പോയ ഓട്ടോറിക്ഷ തോട്ടിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ രണ്ട് കുട്ടികള്‍ മരിച്ച സംഭവത്തില്‍ ഡ്രൈവര്‍ക്ക് എതിരെ കേസ്. അമിതവേഗത, അലക്ഷ്യമായതും മനുഷ്യജീവന് ആപത്തുവരുത്തുന്ന രീതയിലുള്ള ഡ്രൈവിങ് എന്നിവയ്ക്ക് എതിരെയുള്ള വകുപ്പുകളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. അതേസമയം അപകടത്തില്‍ മരിച്ച ആദ്യലക്ഷ്മി, യദുകൃഷ്ണന്‍ എന്നീ കുട്ടികളുടെ പോസ്റ്റ്മോര്‍ട്ടം ഇന്ന് നടക്കും.
പാമ്പിനെ കണ്ട് വാഹനം വെട്ടിച്ചപ്പോഴാണ് അപകടമുണ്ടായത്. പത്തനംതിട്ട ജില്ലാ ജനറല്‍ ആശുപത്രിയിലാണ് ആദ്യലക്ഷ്മിയുടെ മൃതദേഹമുള്ളത്. അതേസമയം യദുകൃഷ്ണന്റെ മൃതദേഹം കോന്നി മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ്. കഴിഞ്ഞദിവസം വൈകിട്ട് മൂന്നര മണിയോടെയാണ് സ്‌കൂളില്‍ നിന്നും ആറ് കുട്ടികളെ ഓട്ടോറിക്ഷയില്‍ കയറ്റികൊണ്ടുവന്നത്.