വേനലവധിക്ക് മാതാവിന്റെ വീട്ടിലെത്തിയ ആറുവയസുകാരന്‍ ഷോക്കേറ്റ് മരിച്ചു

Update: 2025-04-08 14:24 GMT

പത്തനംതിട്ട: വേനലവധിക്കാലം ചിലവഴിക്കാനായി മാതാവിന്റെ വീട്ടിലെത്തിയ ആറുവയസുകാരന്‍ ഷോക്കേറ്റ് മരിച്ചു. തിരുവല്ല പെരിങ്ങര, കൊല്ലവറയില്‍ ഹാബേല്‍ ഐസക്ക് ശ്യാമ ദമ്പതികളുടെ മകന്‍ ഹമീനാണ് (6) മരിച്ചത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 12 മണിയോടെ ശ്യാമയുടെ വീടായ ചെട്ടികുളങ്ങര കൈതവടക്ക് കോയിത്താഴത്ത് വീട്ടിലായിരുന്നു അപകടം.

വീടിന്റെ ഭിത്തിയുടെ അരികില്‍ കുഴിയാനയെ പിടിച്ചു കളിക്കുന്നതിനിടെ മെയില്‍ സ്വിച്ചില്‍ നിന്നുള്ള എര്‍ത്ത് വയറില്‍ പിടിച്ചതാകാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. ഒരു വഴിയാത്രക്കാരാണ് ഹമീന്‍ വീണുകിടക്കുന്നത് കണ്ടത്. ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാനായില്ല. സഹോദരി: ഹമീമ