പത്തനംതിട്ടയില്‍ വഖ്ഫ് ഭേദഗതി ബില്‍ കത്തിച്ച് എസ്ഡിപിഐ പ്രതിഷേധം

Update: 2025-02-13 13:58 GMT

പത്തനംതിട്ട: മുസ്‌ലിം സമൂഹത്തിന്റെ സാമ്പത്തികവും സാംസ്‌കാരികവും ചരിത്രപരവുമായ അസ്ഥിത്വത്തിന്റെ അടിത്തറയിളക്കി വഖ്ഫ് സ്വത്തുക്കള്‍ നിയമഭേദഗതിയിലൂടെ കൊള്ളയടിക്കാനുമുള്ള മോദി സര്‍ക്കാരിന്റെ നീക്കം അനുവദിക്കില്ലെന്ന് എസ്ഡിപിഐ പത്തനംതിട്ട ജില്ലാ പ്രസിഡന്റ് എസ് മുഹമ്മദ് അനീഷ് പറഞ്ഞു. ഭരണഘടനാ വിരുദ്ധമായ നിയമത്തിലൂടെ വഖ്ഫ് സ്വത്തുക്കള്‍ കയ്യേറാനുള്ള ആര്‍എസ്എസിന്റെ നീക്കം എന്തുവിലകൊടുത്തും ചെറുക്കും. വഖ്ഫ് ഭേദഗതി ബില്ലിലുള്ള ജെപിസി റിപ്പോര്‍ട്ടിന് രാജ്യസഭ അംഗീകാരം നല്‍കിയതിനെ തുടര്‍ന്ന് ബില്‍ വ്യാപകമായി കത്തിച്ചുകൊണ്ടുള്ള എസ്ഡിപിഐ പ്രതിഷേധത്തിന്റെ ജില്ലാതല ഉദ്ഘാടനം ഗാന്ധി സ്‌ക്വയറില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംഘപരിവാറിന്റെ ആലയില്‍ ചുട്ടെടുത്ത വഖ്ഫ് ഭേദഗതി ബില്‍ ഇന്ത്യയുടെ ജനാധിപത്യ മതേതര മൂല്യങ്ങള്‍ക്ക് എതിരാണെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ ജനറല്‍ സെക്രട്ടറി സലിം മൗലവി അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് മുഹമ്മദ് പി സലീം, ജില്ലാ സെക്രട്ടറി ഷെയ്ഖ് നജീര്‍, ജില്ലാ ട്രഷറര്‍ ഷാജി കോന്നി, ജില്ലാ കമ്മിറ്റി അംഗങ്ങളായ ബിനു ജോര്‍ജ്, സഫിയ പന്തളം, ആറന്മുള മണ്ഡലം പ്രസിഡന്റ് മുഹമ്മദ് റാഷിദ്, സെക്രട്ടറി അന്‍സാരി കൊന്നമ്മൂട്, പത്തനംതിട്ട നഗരസഭാ ജനപ്രതിനിധികളായ ശൈലജ എസ്, ഷീല എസ് എന്നിവര്‍ പ്രതിഷേധത്തിന് നേതൃത്വം നല്‍കി. തുടര്‍ന്ന് നിരവധി പ്രവര്‍ത്തകരുടെയും ജനങ്ങളുടേയും സാന്നിധ്യത്തില്‍ ബില്‍ കത്തിച്ചു പ്രതിഷേധിച്ചു. മണ്ഡലം, മുന്‍സിപ്പല്‍, പഞ്ചായത്ത്, ബ്രാഞ്ച് തലങ്ങളിലും ബില്‍ കത്തിച്ച് വ്യാപക പ്രതിഷേധം സംഘടിപ്പിച്ചു.






Tags: