കോന്നി പാറമട ദുരന്തം: അപകടത്തില്‍പ്പെട്ട രണ്ടാമത്തെ ആളുടെ മൃതദേഹം കണ്ടെത്തി
കോന്നി: കോന്നി പയ്യനാമണില്‍ ചെങ്കുളം പാറമടയില്‍ പാറ അടര്‍ന്നുവീണ് അപകടത്തില്‍പ്പെട്ട രണ്ടാമത്തെ ആളുടെ മൃതദേഹം കണ്ടെത്തി. ജാര്‍ഖണ്ഡ് സ്വദേശി അജയ് റായിയുടെ മൃതദേഹമാണ് ചൊവ്വാഴ്ച രാത്രിയോടെ പാറമടയ്ക്ക് പുറത്തെത്തിച്ചത്. അപകടത്തില്‍ മരിച്ച ഒറീസ സ്വദേശി മഹാദേവ് പ്രധാന്റെ മൃതദേഹം തിങ്കളാഴ്ച തന്നെ കണ്ടെത്തി പുറത്തെത്തിച്ചിരുന്നു.
പാറ വീണ്ടും ഇടിയുന്നതിനെ തുടര്‍ന്ന് നിര്‍ത്തിവച്ച തിരച്ചില്‍ ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് പുനരാരംഭിച്ചത്. ലോങ് ബൂം എക്സ്വേറ്റര്‍ എത്തിച്ചുള്ള ദൗത്യത്തിനിടെയാണ് അജയ് റായിയുടെ മൃതദേഹം രാത്രിയോടെ കണ്ടെത്തിയത്. മണ്ണുമാന്തിയന്ത്രം നിയന്ത്രിച്ചിരുന്ന അജയ് റായിയുടെ മൃതദേഹം ക്യാബിനിലാണ് കണ്ടെത്തിയത്. തുടര്‍ന്ന് സ്പെഷ്യല്‍ ടാസ്‌ക് ഫോഴ്സ് അംഗങ്ങള്‍ വടംകെട്ടി ക്യാബിനടുത്തേക്കിറങ്ങിയാണ് മൃതദേഹം പുറത്തെടുത്തത്.
മണ്ണുമാന്തിയന്ത്രമുപയോഗിച്ച് പാറ നീക്കുന്നതിനിടെയായിരുന്നു അപകടം. നാലുതട്ടായുള്ള പാറമടയില്‍ രണ്ടാമത്തെ തട്ടിലാണ് തൊഴിലാളികള്‍ ജോലിചെയ്തിരുന്നത്. അജയ്കുമാര്‍ റായ് ആയിരുന്നു യന്ത്രത്തിന്റെ ഓപ്പറേറ്റര്‍. മഹാദേവ് സഹായിയായിരുന്നു.
ഉച്ചയ്ക്ക് പാറപൊട്ടിച്ചതിന്റെ കല്ലുകള്‍ നീക്കുന്നതിനിടയിലാണ് മൂന്നാമത്തെ തട്ടില്‍നിന്ന് വലിയ പാറ അടര്‍ന്ന് മണ്ണുമാന്തിയന്ത്രത്തിന്റെ മുകളിലേക്ക് വീണത്. ഇവിടെ തുടര്‍ച്ചയായി പാറ അടര്‍ന്നുവീഴുന്നതിനാല്‍, മണ്ണുമാന്തിയന്ത്രം കുടുങ്ങിക്കിടക്കുന്നിടത്തേക്ക് ഇറങ്ങാന്‍ കഴിഞ്ഞില്ല. രക്ഷാപ്രവര്‍ത്തനം അതീവ ദുഷ്‌കരമായിരുന്നു. മഹാദേവിന്റെ മൃതദേഹം ഒന്നാമത്തെ തട്ടില്‍ കൂറ്റന്‍ പാറയ്ക്കടിയില്‍നിന്നാണ് കണ്ടെത്തിയത്. സംഭവം നടന്നതിനുപിന്നാലെ അഗ്‌നിരക്ഷാസേന വന്നെങ്കിലും മണ്ണുമാന്തിയന്ത്രം കുടുങ്ങിക്കിടക്കുന്നിടത്തേക്ക് എത്താനായില്ല. മൂന്നുമണിക്കൂറിനുശേഷമാണ് ഒരു മൃതദേഹം പുറത്തെടുത്തത്.
