പത്തനംതിട്ടയിലെ നവജാതശിശുവിന്റെ മരണം; 21കാരി അറസ്റ്റില്‍

Update: 2025-06-20 10:47 GMT

പത്തനംതിട്ട: മെഴുവേലിയില്‍ നവജാതശിശു മരിച്ച സംഭവത്തില്‍ അമ്മയായ 21 കാരിയുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇലവുംതിട്ട പോലിസാണ് കൊലക്കുറ്റം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി അറസ്റ്റ് ചെയ്തത്. ചെങ്ങന്നൂരിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പെണ്‍കുട്ടിയെ ആശുപത്രിയില്‍ വെച്ച് തന്നെ അറസ്റ്റ് ചെയ്യുകയായിരുന്നു. ശേഷം സ്റ്റേഷനില്‍ എത്തിക്കുകയും കൂടുതല്‍ വിവരങ്ങള്‍ അറിയാനായി ചോദ്യം ചെയ്യല്‍ തുടരുകയാണ്.

വീട്ടുകാര്‍ക്കും ആണ്‍സുഹൃത്തിനും ഇക്കാര്യങ്ങള്‍ അറിയിലായിരുന്നുവെന്നാണ് പെണ്‍കുട്ടി നല്‍കിയിരുന്ന മൊഴി. എന്നാല്‍ ഇതില്‍ കൂടുതല്‍ വ്യക്തത ലഭിക്കേണ്ടതുണ്ട്. ചൊവ്വാഴ്ച ഉച്ചയ്ക്കാണ് അവിവാഹിതയായ യുവതി പ്രസവിച്ച കുഞ്ഞിന്റെ മൃതദേഹം സമീപത്തെ പറമ്പില്‍ കണ്ടെത്തിയത്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍, കുഞ്ഞിന്റെ മരണകാരണം തലയ്ക്കേറ്റ ക്ഷതമാണെന്ന് കണ്ടെത്തിയിരുന്നു. പ്രസവിച്ചശേഷം ആരും കാണാതെ കുഞ്ഞിനെ ചേമ്പിലയില്‍ പൊതിഞ്ഞ് വീടിന് പിന്നിലെ പറമ്പിലേക്ക് എറിഞ്ഞെന്നാണ് വിദ്യാര്‍ഥിനി കൂടിയായ അമ്മ സമ്മതിച്ചിരുന്നു. എന്നാല്‍ കുഞ്ഞിനെ പറമ്പിലേക്ക് വലിച്ചെറിഞ്ഞപ്പോഴാണ് കുഞ്ഞിന്റെ തലയ്ക്ക് പരിക്ക് പറ്റിയതെന്നാണ് പോലിസ് വിലയിരുത്തല്‍.

സ്വയം പൊക്കിള്‍ക്കൊടി മുറിച്ചതിന് പിന്നാലെ തലചുറ്റി വീണിരുന്നുവെന്നും, ആ സമയത്ത് കുഞ്ഞിന്റെ തല ഇടിച്ചതാകാം എന്ന യുവതിയുടെ മൊഴി പോലിസ് വിശ്വാസത്തിലെടുത്തിരുന്നില്ല. രക്തസ്രാവത്തെ തുടര്‍ന്ന് ആരോഗ്യനില വഷളായ യുവതി ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്ക്കായി എത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. എട്ടാം ക്ലാസ് മുതല്‍ ബന്ധമുള്ള ആണ്‍സുഹൃത്താണ് ഗര്‍ഭത്തിന് ഉത്തരവാദി. ഇയാളെയും ഉടന്‍ വിളിച്ചുവരുത്തി ചോദ്യം ചെയ്യാനാണ് പോലിസ് നീക്കം.