ആനക്കൊമ്പ് വില്‍ക്കാന്‍ ശ്രമിച്ച യുവാക്കള്‍ പിടിയില്‍

Update: 2021-11-04 12:03 GMT

പാലക്കാട്: ആനക്കൊമ്പുമായി തമിഴ്‌നാട് സ്വദേശികളടക്കം മൂന്നുപേര്‍ പാലക്കാട്ട് പിടിയില്‍. കോയമ്പത്തൂര്‍ കുനിയമ്പത്തൂര്‍ സ്വദേശികളായ കറുപ്പുസ്വാമി (41), റഹ്മത്തുല്ല (43), പാലക്കാട് കല്‍മണ്ഡപം സ്വദേശി ഫൈസല്‍ (44) എന്നിവരാണ് വനം വകുപ്പ് ഫഌയിങ് സ്‌ക്വാഡിന്റെ പിടിയിലായത്. വാളയാര്‍ റേഞ്ച് ഓഫിസര്‍ കേസെടുത്തു. രണ്ട് ആനക്കൊമ്പും ബൈക്കും ഇവരില്‍നിന്ന് പിടിച്ചെടുത്തു. പാലക്കാട്- കോയമ്പത്തൂര്‍ റോഡില്‍ കല്‍മണ്ഡപത്തെ സ്വകാര്യ ഹൈപ്പര്‍ മാര്‍ട്ടിന് പിന്നില്‍ വില്‍പ്പന നടത്തവെയാണ് ഇവര്‍ പിടിയിലായത്.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇവരെ ഉദ്യോഗസ്ഥര്‍ നിരീക്ഷിച്ചുവരികയായിരുന്നു. കുട്ടിയാനയുടേതാണ് കൊമ്പുകളെന്ന് വനം വകുപ്പ് അധികൃതര്‍ പറഞ്ഞു. കൊല്ലപ്പെട്ടതും ചരിഞ്ഞതുമായ ആനകളുടെ വിവരം ശേഖരിച്ച് കൂടുതല്‍ അന്വേഷണം നടത്തും. പ്രതികളെ കോടതിയില്‍ ഹാജരാക്കി. ഫഌയിങ് സ്‌ക്വാഡ് ഡെപ്യൂട്ടി റേഞ്ച് ഓഫിസര്‍ പി ദിലീപ്കുമാര്‍, ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍മാരായ എച്ച് നൗഷാദ്, കെ ഗിരീഷ്, ആര്‍ ബിനു, പി ബിനോയ് ജയ്‌സണ്‍, ആര്‍ രാമകൃഷ്ണന്‍ എന്നിവരടങ്ങിയ സംഘമാണ് ആനക്കൊമ്പ് പിടികൂടിയത്.

Tags:    

Similar News