മണ്ണാര്‍ക്കാട് മേഖലയില്‍ മാലിന്യം തള്ളുന്നത് പതിവാകുന്നു; പ്രതിഷേധവുമായി നാട്ടുകാര്‍

Update: 2019-05-28 11:02 GMT
മണ്ണാര്‍ക്കാട്: നഗരത്തോട് ചേര്‍ന്ന് നൊട്ടന്‍മല വളവില്‍ മാലിന്യം തള്ളുന്നത് വ്യാപകമാകുന്നതായി പരാതി. രാത്രിയുടെ മറവില്‍ നിരവധി മാലിന്യങ്ങളാണ് ദിവസവും ഈ പ്രദേശങ്ങളില്‍ തള്ളുന്നത്. എംഇഎസ് കോളജ് പരിസരം, തൊടൂക്കാപ്പ്, കല്യാണകാപ്പ്, ഞെട്ടരക്കടവ് റോഡില്‍ അമ്പലവട്ട, ആനമൂളി, അട്ടപ്പാടി ചുരം തുടങ്ങിയ പ്രദേശങ്ങളിലെല്ലാം മാലിന്യം തള്ളുന്നുണ്ട്. ഇതിനു പുറമേ ജലാശയങ്ങളിലും മാലിന്യം തള്ളുന്നത് പതിവായിട്ടുണ്ട്. കഴിഞ്ഞരാത്രി മാലിന്യം തള്ളാനെത്തിയ ഓട്ടോറിക്ഷ കാഞ്ഞിരപ്പുഴ പഞ്ചായത്തംഗം റഷീദയുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ പിടികൂടി പോലിസില്‍ ഏല്‍പ്പിച്ചിരുന്നു. ദുര്‍ഗന്ധം മൂലം നാട്ടുകാര്‍ക്ക് ഇതുവഴി നടക്കാന്‍ പറ്റാത്ത അവസ്ഥയാണ്. നിരവധി പരാതി നല്‍കിയിട്ടും അധികൃതര്‍ വേണ്ട നടപടി എടുക്കുന്നില്ലെന്ന പരാതി ശക്തമാണ്.