ചിറ്റൂര്‍ പുഴയില്‍ കാണാതായ രണ്ടു പേരും മരിച്ചു; അപകടത്തില്‍പെട്ടത് അവധി ആഘോഷിക്കാന്‍ കോയമ്പത്തൂരില്‍ നിന്നെത്തിയ വിദ്യാര്‍ഥികള്‍

Update: 2025-08-09 18:33 GMT

പാലക്കാട്: ചിറ്റൂര്‍ പുഴയിലെ ഷണ്‍മുഖം കോസ്വേയില്‍ കുളിക്കാനിറങ്ങി കാണാതായ രണ്ട് വിദ്യാര്‍ഥികളും മരിച്ചു. പാലക്കാട് ചിറ്റൂര്‍ പുഴയില്‍ മുങ്ങിമരിച്ച കോയമ്പത്തൂര്‍ രാമനാഥപുരം സ്വദേശി ശ്രീഗൗതം, നെയ് വേലി സ്വദേശി അരുണ്‍കുമാര്‍ എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെടുത്തത്. ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം രണ്ടായി.

ഇന്ന് ഉച്ചയോടെയാണ് കോയമ്പത്തൂര്‍ കര്‍പ്പകം കോളേജിലെ വിദ്യാര്‍ഥികളായ പത്തുപേരടങ്ങുന്ന സംഘം ചിറ്റൂര്‍ ഷണ്‍മുഖം കോസ്വേയില്‍ കുളിക്കാനെത്തിയത്. ഇതിനിടെയാണ് അരുണ്‍കുമാറിനെയും ശ്രീഗൗതമിനെയും ഒഴുക്കില്‍പ്പെട്ട് കാണാതാവുകയായിരുന്നു.

ചിറ്റൂര്‍ അഗ്‌നിരക്ഷാ സേനയും പോലിസും നാട്ടുകാരും സംയുക്തമായി നടത്തിയ തിരച്ചിലില്‍ ആദ്യം ശ്രീഗൗതത്തിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ഇയാളെ ഉടന്‍തന്നെ ചിറ്റൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പിന്നീട് നടത്തിയ തിരച്ചിലിലാണ് അരുണ്‍കുമാറിന്റെ മൃതദേഹം ഓവുചാലിനുള്ളില്‍ കുടുങ്ങിയ നിലയില്‍ കണ്ടെത്തിയത്. മൃതദേഹം പുറത്തെടുക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് കൈമാറും. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.