മുന്‍ഭര്‍ത്താവിന്റെ നിരന്തര ആക്രമണം; പട്ടികജാതി വനിതയ്ക്ക് സംരക്ഷണം ഉറപ്പാക്കണമെന്ന് എസ്ഡിപിഐ
പാലക്കാട് : ജില്ലയിലെ എലപ്പുള്ളി പ്രദേശത്ത് താമസിക്കുന്ന പട്ടികജാതി വിഭാഗത്തില്‍പ്പെട്ട ഒരു സ്ത്രീ, മുന്‍ഭര്‍ത്താവിന്റെ നിരന്തരമായ ആക്രമണങ്ങളും ജീവന് ഭീഷണിയും നേരിടുന്നുണ്ടെന്ന് എസ്ഡിപിഐ. ഗുരുതരമായ പരാതി ജില്ലാ ഭരണകൂടത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. വിവാഹമോചന നടപടികള്‍ പുരോഗമിക്കുന്നതിനിടെയാണ് പ്രതിയായ മുന്‍ഭര്‍ത്താവ് വൈരാഗ്യബുദ്ധിയോടെ വീടിനകത്തേക്ക് അതിക്രമിച്ച് കടക്കുകയും, വീടും വീട്ടുപകരണങ്ങളും നശിപ്പിക്കുകയും, മാരകായുധങ്ങള്‍ ഉപയോഗിച്ച് ആക്രമണം നടത്തുകയും ചെയ്തതെന്നാണ് പരാതിയില്‍ പറയുന്നത്.
വീടിന് നേരെ കല്ലെറിയുകയും, ഇരുമ്പുകോല്‍, കോടാലി തുടങ്ങിയ ആയുധങ്ങള്‍ ഉപയോഗിച്ച് വീടിന്റെ മേല്‍ക്കൂര തകര്‍ക്കുകയും, രാത്രി സമയങ്ങളില്‍ കുടുംബാംഗങ്ങള്‍ കിടന്നുറങ്ങുന്ന മുറിയിലേക്ക് ലക്ഷ്യമിട്ട് ആക്രമണം നടത്തുകയും ചെയ്തതായി പരാതിയില്‍ വ്യക്തമാക്കുന്നു. കുട്ടികള്‍ ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങള്‍ അതീവ ഭീതിയിലാണ് കഴിയുന്നതെന്നും, സമയോചിതമായി രക്ഷപ്പെട്ടതിനാലാണ് വന്‍ ദുരന്തം ഒഴിവായത് എന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.
ഈ സംഭവങ്ങളുമായി ബന്ധപ്പെട്ട് പലതവണ പാലക്കാട് കസബ പോലിസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടും, ഇതുവരെ ഫലപ്രദമായ നിയമനടപടികള്‍ സ്വീകരിക്കപ്പെട്ടിട്ടില്ലെന്ന ഗുരുതര ആരോപണവും ഉണ്ട്. പട്ടികജാതി വിഭാഗത്തില്‍പ്പെട്ട സ്ത്രീയായ പരാതിക്കാരിക്ക് എസ്.സി./എസ്.ടി. (അത്യാചാര നിരോധന) നിയമപ്രകാരം ലഭിക്കേണ്ട പ്രത്യേക സംരക്ഷണവും നിയമസഹായവും നിഷേധിക്കപ്പെട്ടുവെന്നാണ് പരാതി.
ഇത്തരം സാഹചര്യത്തിലാണ് എസ് ഡി പി ഐ ജില്ലാ കമ്മിറ്റി അംഗം നിലാവര്‍നിസ , മലമ്പുഴ മണ്ഡലം പ്രസിഡന്റ് ഇല്യാസ് കാവല്‍പാട്, അബ്ദുല്‍ മുത്തലിഫ് തുടങ്ങിയ നേതാക്കള്‍ ഇടപെട്ട് പരാതിക്കാരിക്ക് നിയമപരമായ സഹായം ഉറപ്പാക്കുന്നതിനായി ജില്ലാ കലക്ടര്‍ക്കും ബന്ധപ്പെട്ട അധികാരികള്‍ക്കും പരാതി സമര്‍പ്പിച്ചത്. പ്രതിക്കെതിരെ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ ഗൃഹാതിക്രമണം, നാശനഷ്ടം, ജീവന് ഭീഷണി എന്നിവയ്ക്കുള്ള വകുപ്പുകള്‍ക്കൊപ്പം, എസ്.സി./എസ്.ടി. (അത്യാചാര നിരോധന) നിയമത്തിലെ ബന്ധപ്പെട്ട വകുപ്പുകള്‍ ചേര്‍ത്ത് ഉടന്‍ കേസ് രജിസ്റ്റര്‍ ചെയ്യണമെന്നും, പരാതിക്കാരിക്കും കുടുംബത്തിനും അടിയന്തിര പോലിസ് സംരക്ഷണം നല്‍കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
ഒരു സ്ത്രീയും പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവളുമായ പൗരന്റെ ജീവനും മാനവുമാണ് ഇവിടെ ചോദ്യം ചെയ്യപ്പെടുന്നതെന്ന് എസ്ഡിപിഐ നേതൃത്വം വ്യക്തമാക്കി. നിയമം നടപ്പാക്കുന്നതില്‍ പോലിസിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകള്‍ അന്വേഷിച്ച് ഉത്തരവാദികള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും, ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശക്തമായ ഇടപെടല്‍ ഉണ്ടാകണമെന്നും അവര്‍ ആവശ്യപ്പെട്ടു.

