ചെര്‍പ്പുളശ്ശേരി: പൂച്ചയെ കൊന്ന് ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത സംഭവത്തില്‍ ചെര്‍പ്പുളശ്ശേരി മഠത്തിപ്പറമ്പ് പാലപ്പുഴ വീട്ടില്‍ ഷജീറിന്റെ (32) പേരില്‍ പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഷജീര്‍ ലോറി ഡ്രൈവറാണ്. പൂച്ചയ്ക്ക് ആഹാരം നല്‍കി, പിന്നീട് അതിനെ കൊന്ന് തലയും മറ്റു അവയവങ്ങളും വേര്‍തിരിച്ചു വെച്ചിരിക്കുന്ന ദൃശ്യങ്ങളാണ് ഷജീര്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത്. ഈ ദൃശ്യങ്ങള്‍ ലോറിയുടെ ക്യാബിനില്‍വച്ച് ചിത്രീകരിച്ചതായിരുന്നു.
മൃഗങ്ങളോടുള്ള ക്രൂരത തടയല്‍ നിയമപ്രകാരം കേസ് എടുത്തതായാണ് ചെര്‍പ്പുളശ്ശേരി പോലിസ് ഇന്‍സ്‌പെക്ടര്‍ ബിനു തോമസ് അറിയിച്ചത്. തിരുവാഴിയോട് സ്വദേശിയും അനിമല്‍ റസ്‌ക്യൂ പ്രവര്‍ത്തകനുമായ ജിനേഷ് നല്‍കിയ പരാതിയിലാണ് നടപടി സ്വീകരിച്ചത്.