അകാരണമായി തടഞ്ഞു വച്ച പെന്‍ഷന്‍ ലഭിക്കാനായി ഓഫിസുകള്‍ കയറിയിറങ്ങി തൃത്താല സ്വദേശി ആലിക്കുട്ടി

Update: 2019-04-25 15:08 GMT

തൃത്താല: പഞ്ചായത്ത് അധികൃതരുടെ അനാസ്ഥ മൂലം തനിക്കു നിഷേധിക്കപ്പെട്ട വാര്‍ധക്യ പെന്‍ഷന്‍ ലഭിക്കാനായി ഓഫിസുകള്‍ കയറിയിറങ്ങുകയാണ് പട്ടിത്തറ പഞ്ചായത്തിലെ ആലിക്കുട്ടി എന്ന 69കാരന്‍. ഏഴു വര്‍ഷത്തോളമായി വാര്‍ധക്യ പെന്‍ഷന്‍ വാങ്ങിയിരുന്ന കക്കാട്ടിരി കൂമ്പ്ര വീട്ടില്‍ ആലിക്കുട്ടിക്കു 2017 അവസാനത്തോടെയാണ് പെന്‍ഷന്‍ മുടങ്ങിയത്. കാരണമന്വേഷിക്കാനായി പഞ്ചായത്ത് അധികൃതരെ സമീപിച്ചപ്പോഴാണ്, അധികൃതരുടെ അനാസ്ഥയാണ് പെന്‍ഷന്‍ തടയാന്‍ കാരണമെന്നു വ്യക്തമായത്. താങ്കളുടെ അതേ പേരിലും മേല്‍വിലാസത്തിലും മറ്റൊരാള്‍ പെന്‍ഷനു അപേക്ഷിച്ചതോടെ താങ്കളുടെ പെന്‍ഷന്‍ റദ്ദാക്കുകയായിരുന്നുവെന്നാണ് അധികൃതര്‍ വിശദീകരിച്ചത്. തന്റെ കുടുംബത്തിലെ തന്നെ മറ്റൊരു ആലിക്കുട്ടിയാണ് ആ അപേക്ഷകനെന്നും എന്നാല്‍ അദ്ദേഹത്തിന്റെ ആധാര്‍ നമ്പറടക്കം പരിശോധിച്ചാല്‍ രണ്ടു വ്യക്തികളും ഒരാളല്ലെന്നു വ്യക്തമാകുമായിരുന്നെന്നും ആലിക്കുട്ടി പറയുന്നു. അധികൃതര്‍ വിശദപരിശോധന നടത്താതെ ഏകപക്ഷീയമായി തന്റെ പെന്‍ഷന്‍ റദ്ദാക്കുകയായിരുന്നു. അഞ്ചു മാസത്തോളം പെന്‍ഷന്‍ മുടങ്ങിയെന്നും ഇത് തിരികെ ലഭിക്കണമെന്നുമാവശ്യപ്പെട്ടു ആലിക്കുട്ടി നിരവധി തവണ അധികൃതരെ സമീപിച്ചെങ്കിലും പരാതിയില്‍ അന്വേഷണം നടക്കുകയാണെന്നാണ് അധികൃതരുടെ വിശദീകരണം. അതേസമയം രണ്ടു ആലിക്കുട്ടിമാരും വ്യത്യസ്ത ആളുകളാണെന്നു അധികൃതര്‍ക്കു ബോധ്യമായതോടെ കഴിഞ്ഞവര്‍ഷം മുതല്‍ പെന്‍ഷന്‍ ലഭ്യമായി തുടങ്ങിയിട്ടുണ്ട്. എന്നാല്‍ അകാരണമായി തടഞ്ഞു വെക്കപ്പെട്ട അഞ്ചു മാസത്തെ അര്‍ഹമായ പെന്‍ഷന്‍ ലഭിക്കണമെന്നാണ് ആലിക്കുട്ടിയുടെ ആവശ്യം.

Tags:    

Similar News