500ലധികം നായ്ക്കളില്‍ വൈറസ് ബാധ: മരണനിരക്കും ഉയരുന്നു; ജനങ്ങള്‍ പരിഭ്രാന്തിയില്‍

ഭക്ഷണം കഴിക്കാതിരിക്കല്‍, തുടര്‍ന്നു ഛര്‍ദ്ദി, വയറിളക്കം എന്നിവയാണു രോഗ ലക്ഷണം.

Update: 2020-07-18 10:49 GMT

പാലക്കാട്: കൊവിഡ് രോഗവ്യാപനത്തില്‍ ജനങ്ങള്‍ ആശങ്കയിലായിരിക്കെ പാലക്കാട് ജില്ലയില്‍ നായ്ക്കള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്നതും പരിഭ്രാന്തി പരത്തുന്നു. നായ്ക്കളില്‍ വൈറസ് പരത്തുന്ന പാര്‍വോ വൈറല്‍ എന്ററൈട്ടിസ് രോഗമാണ് പടരുന്നതെന്നാണ് സൂചന. ഭക്ഷണം കഴിക്കാതിരിക്കല്‍, തുടര്‍ന്നു ഛര്‍ദ്ദി, വയറിളക്കം എന്നിവയാണു രോഗ ലക്ഷണം. ചികില്‍സ വൈകിയാല്‍ നായ ചത്തുപോകും. ഇതിനകം അഞ്ഞൂറിലേറെ നായ്ക്കള്‍ക്കു രോഗം ബാധിച്ചതായാണു കണക്ക്. മരണ നിരക്കും ഉയരുകയാണ്.

വളര്‍ത്തുനായ്ക്കള്‍ക്ക് ഒപ്പം തെരുവു നായ്ക്കളിലും രോഗം പടരുന്നുണ്ട്. വൈറസ് രോഗമായതിനാല്‍ കൃത്യമായ വാക്സിനേഷന്‍ വഴി മാത്രമേ ഇതിനെ പ്രതിരോധിക്കാനാകൂവെന്ന് മൃഗസംരക്ഷണ വകുപ്പ് പറയുന്നു. വളര്‍ത്തു നായ്ക്കളെ മൃഗാശുപത്രിയിലെത്തിച്ച് ഇത്തരം പ്രതിരോധ കുത്തിവയ്പുകള്‍ എടുക്കണം. 2 മാസം പ്രായമുള്ള നായക്കുട്ടികള്‍ക്കു മുതല്‍ കുത്തിവയ്പെടുക്കാമെന്നു ജില്ലാ മൃഗസംരക്ഷണ വകുപ്പ് പിആര്‍ഒ ഡോ. ജോജു ഡേവിസ് അറിയിച്ചു.

നായ്ക്കള്‍ക്ക് രോഗബാധ ഉണ്ടാകാതിരിക്കാന്‍ എല്ലാ വര്‍ഷവും കുത്തിവയ്പെടുക്കണം. തെരുവുനായ്ക്കള്‍ കൂട്ടത്തോടെ ചാകുന്നതിനു പിന്നിലും ഈ വൈറസ് രോഗമാണെന്നാണു വകുപ്പിന്റെ നിഗമനം. കൊവിഡ് സാഹചര്യത്തില്‍ നായകള്‍ കൂട്ടത്തോടെ ചാകുന്നതു പരിഭ്രാന്തി പടര്‍ത്തിയിരുന്നു. ഈ പശ്ചാത്തലത്തില്‍ കൂടിയാണു വകുപ്പിന്റെ മുന്നറിയിപ്പ്.


Tags:    

Similar News