ബിജെപി അജണ്ട പ്രതിപക്ഷ പാര്‍ട്ടികള്‍ ഏറ്റെടുക്കുന്നത് അപകടകരം: അബ്ദുല്‍ സത്താര്‍

അന്നം തരുന്ന കര്‍ഷകരോടൊപ്പം നില്‍ക്കാന്‍ സാമ്പ്രദായിക പാര്‍ട്ടികള്‍ ഭയപ്പെടുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Update: 2024-02-21 17:04 GMT

പാലക്കാട്: ബിജെപി അജണ്ട രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഏറ്റെടുക്കുന്നത് അപകടകരമാണെന്ന് എസ്ഡിപിഐ ദേശീയ സെക്രട്ടറി അബ്ദുല്‍ സത്താര്‍. രാജ്യത്തിന്റെ വീണ്ടെടുപ്പിന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി നയിക്കുന്ന ജനമുന്നേറ്റ യാത്രയ്ക്ക് പാലക്കാട് ജില്ലാ കമ്മിറ്റി നല്‍കിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.രാജ്യത്തെ തകര്‍ത്തു കൊണ്ടിരിക്കുന്ന ബിജെപി ഭരണത്തിനെതിരേ ക്രിയാല്‍മകമായി പ്രതികരിക്കാന്‍ സാമ്പ്രദായിക പാര്‍ട്ടികള്‍ക്ക് കഴിയുന്നില്ല. കര്‍ഷകരും തീരദേശവാസികളും ന്യൂനപക്ഷങ്ങളും തീരാദുരിതത്തിലാണ്. നീതിക്കുവേണ്ടി നിലപാടെടുക്കാന്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ളവര്‍ തയ്യാറാവുന്നില്ല. അന്വേഷണ ഏജന്‍സികളെയും ഭരണഘടനാ സ്ഥാപനങ്ങളെയും സംഘപരിവാര താല്‍പ്പര്യങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കുന്ന ഘടക കക്ഷികളാക്കി മാറ്റിയിരിക്കുന്നു. ന്യായമായ അവകാശങ്ങള്‍ ഉന്നയിച്ച് ജനാധിപത്യപരമായി സമരം ചെയ്യുന്ന കര്‍ഷകരെ ശത്രുക്കളോടെന്ന പോലെ ക്രൂരമായി അടിച്ചമര്‍ത്തുകയാണ്. അന്നം തരുന്ന കര്‍ഷകരോടൊപ്പം നില്‍ക്കാന്‍ സാമ്പ്രദായിക പാര്‍ട്ടികള്‍ ഭയപ്പെടുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ജില്ലാ പ്രസിഡന്റ് സഹീര്‍ ബാബു അധ്യക്ഷത വഹിച്ചു. ജാഥാ ക്യാപ്റ്റന്‍ മൂവാറ്റുപുഴ അഷ്‌റഫ് മൗലവി,സംസ്ഥാന സെക്രട്ടറി കെ കെ അബ്ദുല്‍ ജബ്ബാര്‍, വിമന്‍ ഇന്ത്യാ മൂവ്മെന്റ് സംസ്ഥാന സെക്രട്ടറിയേറ്റംഗം ബാബിയ ശെരീഫ്, എസ്ഡിപിഐ ജില്ലാ ജനറല്‍ സെക്രട്ടറി കെ ടി അലവി, ജില്ലാ സെക്രട്ടറി അബൂബക്കര്‍ ചെറുകോട് സംസാരിച്ചു.ജാഥാ വൈസ് ക്യാപ്റ്റന്‍മാരായ തുളസീധരന്‍ പള്ളിക്കല്‍, റോയ് അറയ്ക്കല്‍, പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് പി അബ്ദുല്‍ ഹമീദ്, സംസ്ഥാന സെക്രട്ടറിമാരായ പി ആര്‍ സിയാദ്, ജോണ്‍സണ്‍ കണ്ടച്ചിറ സംസ്ഥാന പ്രവര്‍ത്തക സമിതിയംഗങ്ങള്‍, ജില്ലാ-മണ്ഡലം ഭാരവാഹികള്‍ സംബന്ധിച്ചു.

ബുധനാഴ്ച വൈകീട്ട് മൂന്നിന് ഷൊര്‍ണ്ണൂരില്‍ നിന്നും നിരവധി വാഹനങ്ങളുടെ അകമ്പടിയോടെയാണ് ജാഥയെ സ്വീകരണ കേന്ദ്രമായ കോട്ട മൈതാനിയിലേക്ക് വരവേറ്റത്. ജാഥാ ക്യാപ്റ്റന്മാരെ തുറന്ന വാഹനത്തില്‍ വാഹന ജാഥയായി ഷൊര്‍ണൂര്‍, വാണിയംകുളം, ഒറ്റപ്പാലം, ലക്കിടി, പത്തിരിപ്പാല, പറളി, മേപ്പറമ്പ് വഴി മഞ്ഞക്കുളം കെഎസ്ആര്‍ടിസി പരിസരത്തെത്തി അവിടെനിന്ന് ബഹുജനറാലിയായാണ് സ്വീകരണ സമ്മേളന വേദിയായ കോട്ടമൈതാനിയിലേക്ക് ആനയിച്ചത്.

ഭരണഘടന സംരക്ഷിക്കുക, ജാതി സെന്‍സസ് നടപ്പിലാക്കുക, പൗരാവകാശ വിരുദ്ധ നിയമങ്ങള്‍ പിന്‍വലിക്കുക, രാഷ്ട്രീയ തടവുകാരെ നിരുപാധികം വിട്ടയയ്ക്കുക, ഫെഡറലിസം കാത്തുസൂക്ഷിക്കുക, തൊഴിലില്ലായ്മ പരിഹരിക്കുക, കര്‍ഷക ദ്രോഹ നയങ്ങള്‍ തിരുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ജനമുന്നേറ്റ യാത്ര സംഘടിപ്പിച്ചിരിക്കുന്നത്. 14 ന് കാസര്‍കോട് ഉപ്പളയില്‍ നിന്നാരംഭിച്ച യാത്ര കണ്ണൂരും വയനാടും കോഴിക്കോടും മലപ്പുറവും പാലക്കാടും പിന്നിട്ട് വ്യാഴാഴ്ച തൃശൂര്‍ ജില്ലയില്‍ പ്രവേശിക്കും. വൈകീട്ട് മൂന്നിന് തൃപ്രയാറില്‍ നിന്ന് വാഹനജാഥയായി ആരംഭിച്ച് കുന്ദംകുളത്ത് സമാപിക്കും.

കരിമ്പനകളുടെ നാട്ടില്‍ ആർത്തിരമ്പി ജനമുന്നേറ്റ യാത്ര

പാലക്കാട്: പശ്ചിമഘട്ട മലനിരകളെ തഴുകിയുറങ്ങുന്ന കരിമ്പനകളുടെ നാട്ടില്‍ പുതുചരിത്രമെഴുതി ജനമുന്നേറ്റ യാത്രയ്ക്ക് ഉജ്ജ്വല സ്വീകരണം. പൊന്നണിഞ്ഞ വയലുകളെയും ഗാഭീര്യത്തോടെ ഒഴുകുന്ന നിളയയെും തലയെടുപ്പോടെ നില്‍ക്കുന്ന മലനിരകളെയും സാക്ഷിയാക്കി ആബാലവൃദ്ധം ജനങ്ങളും ജാഥയോടൊപ്പം അണിനിരന്നു. ജില്ലയിലെ പാര്‍ട്ടിയുടെ ശക്തി വിളിച്ചോതുന്നതായിരുന്നു ജന മുന്നേറ്റ യാത്രയിലെ ജനസഞ്ചയം.ജാഥാ ക്യാപ്റ്റന്മാരെ തുറന്ന വാഹനത്തില്‍ വാഹന ജാഥയായി ഷൊര്‍ണൂര്‍, വാണിയംകുളം, ഒറ്റപ്പാലം, ലക്കിടി, പത്തിരിപ്പാല, പറളി, മേപ്പറമ്പ് വഴി മഞ്ഞക്കുളം കെഎസ്ആര്‍ടിസി പരിസരത്തെത്തി അവിടെനിന്ന് ബഹുജനറാലിയായാണ് സ്വീകരണ സമ്മേളന വേദിയായ കോട്ടമൈതാനിയിലേക്ക് ആനയിച്ചത്.

രാജ്യത്തിന്റെ വീണ്ടെടുപ്പിനായി വീണ്ടുമൊരു സ്വാതന്ത്ര്യസമരത്തിന് പൗരസമൂഹം തയ്യാറായിരിക്കുന്നു എന്ന സന്ദേശമാണ് യാത്രയെ വരവേല്‍ക്കാന്‍ പാതയോരങ്ങളില്‍ മണിക്കൂറുകള്‍ കാത്തുനിന്ന വന്‍ ജനാവലി നല്‍കിയത്. മഞ്ഞക്കുളം കെഎസ്ആര്‍ടിസി പരിസരത്തു നിന്നാരംഭിച്ച ബഹുജനറാലിയില്‍ സ്ത്രീകളും കുട്ടികളുമടങ്ങുന്ന ആയിരങ്ങളാണ് അണിനിരന്നത്. യാത്ര പാലക്കാട് ജില്ലയില്‍ പര്യവസാനിക്കുമ്പോള്‍ ഫാഷിസ്റ്റ് ദുര്‍ഭരണത്തിനും സംഘപരിവാര്‍ തേര്‍വാഴ്ച്ചയ്ക്കും സാംസ്‌കാരിക ഫാഷിസത്തിനുമെതിരായ ജനവികാരമാണ് ജില്ലയില്‍ അലയടിച്ചത്. രാജ്യത്തിന്റെ നട്ടെല്ലായ കാര്‍ഷിക മേഖലയെ ചങ്ങാത്ത മുതലാളിത്വ ശിങ്കിടികള്‍ക്ക് തീറെഴുതി കൊടുക്കുന്ന ഫാഷിസ്റ്റ് ഭരണകൂടത്തിനെതിരേ കേരളത്തിന്റെ നെല്ലറയുടെ താക്കീതായി യാത്ര മാറി.





Tags: