മദ്യ ഫാക്ടറി നിര്‍മ്മാണ ഉദ്യമത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയണം: എസ്ഡിപിഐ
പാലക്കാട് : പാലക്കാട് ജില്ലയിലെ എലപ്പുള്ളിയില്‍ മദ്യ ഫാക്ടറി നിര്‍മ്മിക്കുന്നതിന് സര്‍ക്കാര്‍ അനുമതി നല്‍കിയത് ഉടന്‍ പിന്‍വലിക്കണമെന്ന് എസ് ഡി പി ഐ പാലക്കാട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.ജലദൗര്‍ലഭ്യ മേഖലയില്‍നിന്ന് വന്‍തോതില്‍ വെള്ളം ഊറ്റാന്‍ കുത്തകകളെ അനുവദിക്കുന്ന പ്രസ്തുത സംരംഭം നിലവില്‍ വരണ്ടു കിടക്കുന്ന ഒരു മേഖലയെ വന്‍ ജലക്ഷാമത്തിലേക്കും പ്രതിസന്ധിയിലേക്കും തള്ളിവിടാനേ ഉപകരിക്കൂ. ഒയാസിസ് കൊമേഴ്‌സ്യല്‍ എന്ന കമ്പനിക്കെതിരെ പഞ്ചാബില്‍ ജനങ്ങള്‍ സമരത്തിലാണ്. ഇക്കാര്യം മറച്ചു വെച്ചാണ് സര്‍ക്കാര്‍ മദ്യ രാജാക്കന്മാര്‍ക്ക് പരവതാനി വിരിക്കുന്നത്.
അതീവ രഹസ്യമായി നടത്തിയ നീക്കങ്ങള്‍ പ്രദേശവാസികള്‍ അറിഞ്ഞിട്ട് വിരലിലെണ്ണാവുന്ന ദിവസങ്ങളേ ആയിട്ടുള്ളൂ. മദ്യ കമ്പനിക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പാടാക്കാന്‍ സര്‍ക്കാര്‍ നടത്തിയ നീക്കങ്ങള്‍ ജനങ്ങളോടുള്ള വെല്ലുവിളിയാണ്. കൃഷിഭൂമിയായിരുന്ന പ്രസ്തുത പ്രദേശത്ത് എങ്ങനെയാണ് ഒരു കൂറ്റന്‍ ജലമൂറ്റല്‍ കേന്ദ്രത്തിന് അനുമതി നല്‍കിയത് എന്നത് ദുരൂഹമാണ് . റവന്യൂ ഡിപ്പാര്‍ട്ട്‌മെന്റിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്കും ഈ കള്ളക്കളികളില്‍ പങ്കുണ്ടെന്ന് ജനങ്ങള്‍ സംശയിക്കുന്നു. അഴിമതിക്ക് വാതില്‍ മലര്‍ത്തിയിട്ട് ജനദ്രോഹ നടപടികള്‍ക്ക് ഒത്താശ ചെയ്യുന്ന നടപടികളില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിഞ്ഞില്ലെങ്കില്‍ ശക്തമായ പ്രതിഷേധ പരിപാടികളുമായി എസ്ഡിപിഐ മുന്നോട്ടുപോകുമെന്ന് പാലക്കാട് ജില്ലാ കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു. പ്രതിഷേധത്തിന്റെ മുന്നോടിയായി ജില്ലാ നേതാക്കള്‍ പ്രസ്തുത സ്ഥലം സന്ദര്‍ശിച്ച് പ്രതിഷേധ സൂചകമായി കൊടി നാട്ടി.
ജില്ലാ പ്രസിഡണ്ട് ഷഹീര്‍ ചാലിപ്പുറം, വൈസ് പ്രസിഡന്റ് ശരീഫ് അത്താണിക്കല്‍, ജില്ലാ കമ്മിറ്റി അംഗങ്ങളായ ഇല്യാസ് കാവില്‍പ്പാട്, സുബൈര്‍ ആലത്തൂര്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു.
