കോണ്‍ഗ്രസ് വിട്ട എ വി ഗോപിനാഥ് പെരിങ്ങോട്ടുകുറിശിയില്‍ തോറ്റു; ഒപ്പം നിന്ന ഏഴ് മുന്‍ കോണ്‍ഗ്രസുകാര്‍ക്കും തോല്‍വി
പാലക്കാട് : കോണ്‍ഗ്രസിനെ വെല്ലുവിളിച്ച് തദേശ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനെത്തിയ മുന്‍ എം എല്‍ എയും ഡി സി സി പ്രസിഡന്റുമായിരുന്ന എ വി ഗോപിനാഥിന് ഞെട്ടിക്കുന്ന തോല്‍വി. പെരിങ്ങോട്ടുകുറിശ്ശി ഗ്രാമപഞ്ചായത്തിലാണ് ഗോപിനാഥ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയോട് തോറ്റത്. സ്വതന്ത്രജനാധിപത്യ മുന്നണിയെന്ന പേരിലായിരുന്നു ഗോപിനാഥടക്കം ഏഴ് സ്ഥാനാര്‍ഥികള്‍ മത്സരിക്കാനിറങ്ങിയത്. എല്‍ ഡി എഫുമായി തിരഞ്ഞെടുപ്പു ധാരണയുണ്ടാക്കിയ ഗോപിനാഥ് പഞ്ചായത്ത് പിടിച്ചെടുക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.
പെരിങ്ങോട്ടുകുറിശ്ശി പഞ്ചായത്ത് പ്രസിഡന്റായി ദീര്‍ഘകാലം പ്രവര്‍ത്തിച്ച ഗോപിനാഥ് 1991 ല്‍ ആലത്തൂരില്‍ നിന്നും നിയമസഭയിലെത്തിയിരുന്നു. 2021 ല്‍ കോണ്‍ഗ്രസ് സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്നാണ് കോണ്‍ഗ്രസുമായി അകന്നത്. മുഖ്യമന്ത്രി പിണറായി വിജയനുമായും മുന്‍ മന്ത്രിയും സി പി ഐ എം നേതാവുമായി എ കെ ബാലനുമായും അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ഗോപിനാഥ് പിന്നീട് കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കപ്പെട്ടു.
ഗോപിനാഥിനൊപ്പം മത്സരിച്ച ഏഴ് മുന്‍ കോണ്‍ഗ്രസുകാരും ഗ്രാമപഞ്ചായത്തില്‍ തോറ്റതോടെ ഗോപിനാഥിന്റെ രാഷ്ട്രീയ മുന്നേറ്റത്തിന് തന്നെ കനത്ത തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. പെരിങ്ങോട്ടുകുറിശ്ശി എന്നും കോണ്‍ഗ്രസിന്റെ ഉരുക്കുകോട്ടയായിരുന്നു. കോണ്‍ഗ്രസിന്റെ കോട്ടയില്‍ ഇത്തവണ വിള്ളല്‍ വീഴ്ത്തുമെന്നായിരുന്നു ഗോപിനാഥിന്റെ വെല്ലുവിളി.