കോണ്‍ഗ്രസ് പ്രാദേശിക നേതാവിന് വെട്ടേറ്റ സംഭവം: ശക്തമായ നടപടി സ്വീകരിക്കണമെന്ന് പാലക്കാട് ഡിസിസി നേതൃത്വം

Update: 2021-12-14 06:12 GMT

പാലക്കാട്: വടക്കഞ്ചേരി പാളയത്ത് കോണ്‍ഗ്രസ് ബൂത്ത് പ്രസിഡന്റിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ ശക്തമായ നടപടിയെടുക്കണമെന്ന് പാലക്കാട് ഡിസിസി പ്രസിഡന്റ് എ തങ്കപ്പന്‍ ആവശ്യപ്പെട്ടു. സംഭവസ്ഥലം സന്ദര്‍ശിച്ചശേഷമാണ് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിക്ക് വേണ്ടി പാലക്കാട് എസ്പിയോട് ഡിസിസി പ്രസിഡന്റ് ഇക്കാര്യം ആവശ്യപ്പെട്ടത്. കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ സംരക്ഷണത്തിനായി ജില്ലാ കമ്മിറ്റി ഏതറ്റം വരെയും പോവുമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

ഇന്ന് രാവിലെ പാലക്കാട് വടക്കഞ്ചേരി പാളയത്താണ് സംഘര്‍ഷമുണ്ടായത്. യൂത്ത് കോണ്‍ഗ്രസ്സിന്റെ സജീവപ്രവര്‍ത്തകനായ പാളയം വീട്ടില്‍ ശിവനാണ് വെട്ടേറ്റത്. കാലിനും തലയ്ക്കുമാണ് പരിക്ക് പറ്റിയത്. ഇദ്ദേഹത്തെ തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് സ്ഥലത്ത് പോലിസ് തമ്പടിക്കുന്നുണ്ട്. സംഭവത്തില്‍ പ്രാഥമിക അന്വേഷണം ആരംഭിച്ചു. ബിജെപി ഗുണ്ടകളാണ് ആക്രമണത്തിന് പിന്നിലെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്.

Tags: