ഒന്‍പതാം ക്ലാസുകാരന്‍ അര്‍ജുന്റെ ആത്മഹത്യ; അധ്യാപിക മര്‍ദിച്ചതിന് തെളിവുണ്ട്; കുടുംബം

Update: 2025-10-20 08:37 GMT

പാലക്കാട് : കണ്ണാടി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഒന്‍പതാം ക്ലാസുകാരന്‍ അര്‍ജുന്റെ ആത്മഹത്യയില്‍ അധ്യാപികയ്‌ക്കെതിരെ കൂടുതല്‍ ആരോപണവുമായി കുടുംബം. അര്‍ജുനെ ഒരുവര്‍ഷം മുമ്പും ക്ലാസ് ടീച്ചര്‍ മര്‍ദിച്ചിരുന്നെന്ന് അര്‍ജുന്റെ പിതാവ് ബി ജയകൃഷ്ണന്‍ പറഞ്ഞു. അര്‍ജുനെ അധ്യാപിക മര്‍ദിച്ച് മുറിവേറ്റതിന് തെളിവുണ്ടെന്നും കുടുംബം പറയുന്നു. ക്ലാസിലെ മറ്റു കുട്ടികളെ അധ്യാപിക സ്വാധീനിക്കാന്‍ ശ്രമിക്കുന്നെന്ന് ക്ലാസിലെ വിദ്യാര്‍ഥിയുടെ ശബ്ദ സംഭാഷണം പുറത്ത് വിട്ട് കുടുംബം ആരോപിച്ചു.

പല്ലന്‍ചാത്തന്നൂര്‍ സ്വദേശിയായ അര്‍ജുനാണ് വീട്ടില്‍ ആത്മഹത്യ ചെയ്തത് . സ്‌കൂള്‍ വിട്ട് വന്നയുടന്‍ യൂണിഫോമില്‍ തന്നെ തൂങ്ങി മരിക്കുകയായിരുന്നു. പിന്നാലെ അര്‍ജുന്‍ പഠിക്കുന്ന കണ്ണാടി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപികയായ ആശക്കെതിരെ ഗുരുതര പരാതിയുമായി കുടുംബവും വിദ്യാര്‍ഥികളും രംഗത്ത് എത്തി . ഇന്‍സ്റ്റാഗ്രാമില്‍ കുട്ടികള്‍ അയച്ച മെസ്സേജിനെ തുടര്‍ന്ന് , സൈബര്‍ സെല്ലില്‍ പരാതി നല്‍കുമെന്നും ജയിലില്‍ ഇടുമെന്നും അധ്യാപിക ഭീഷണിപ്പെടുത്തിയതായി കുടുംബം ആരോപിച്ചിരുന്നു.

പിന്നാലെ കണ്ണാടി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഹെഡ്മാസ്റ്ററെയും ആരോപണവിധേയയായ അധ്യാപികയെയും സ്‌കൂള്‍ മാനേജ്മെന്റ് സസ്‌പെന്‍സ് ചെയ്തിരുന്നു. വിദ്യാര്‍ഥി പ്രതിഷേധത്തെ തുടര്‍ന്നായിരുന്നു നടപടി.സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. സംഭവത്തില്‍ ആരോപണ വിധേയരായ അധ്യാപികമാര്‍ക്കെതിരെ അന്വേഷണ വിധേയമായി നടപടികള്‍ കൈക്കൊള്ളുവാന്‍ സ്‌കൂള്‍ മാനേജര്‍ക്ക് നിര്‍ദേശം നല്‍കാന്‍ പൊതു വിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തിയിരുന്നു.