പാലക്കാട്ട് നാലു വയസുകാരനെ പിതൃസഹോദരന്റെ ഭാര്യ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി

Update: 2023-12-12 05:19 GMT
പാലക്കാട്: നാലു വയസുകാരനെ കൊലപ്പെടുത്തി പിതൃസഹോദരന്റെ ഭാര്യ. പാലക്കാട് കൊഴിഞ്ഞാമ്പാറ വണ്ണാമടയില്‍ മധുസൂദനന്‍-ആതിര ദമ്പതികളുടെ മകന്‍ ഋത്വിക് ആണു മരിച്ചത്. കഴുത്ത് ഞെരിച്ചായിരുന്നു കൊലപാതകം. മധുസൂദനന്റെ സഹോദരന്‍ ബാലകൃഷ്ണന്റെ ഭാര്യ ദീപ്തിദാസ് ആണ് കൃത്യം നടത്തിയത്.

ഇന്നലെ രാത്രി 10 മണിയോടെയാണു സംഭവം. രാത്രി മധുസൂദനന്റെ മാതാവിന് സുഖമില്ലാത്തതിനെ തുടര്‍ന്ന് വീട്ടിലുള്ളവരെല്ലാം ആശുപത്രിയില്‍ പോയതായിരുന്നു. ഈ സമയത്ത് ഋത്വികിനെയും ബാലകൃഷ്ണന്റെ മകളെയും ഉറങ്ങാനായി വീട്ടിലാക്കി. ഈ സമയത്ത് ദീപ്തിദാസ് ആണു വീട്ടിലുണ്ടായിരുന്നത്.

രാത്രി പത്തോടെ ഇവര്‍ തിരിച്ചെത്തിയപ്പോള്‍ വീടിന്റെ മുന്‍വശത്തെ വാതില്‍ പൂട്ടിയിട്ട നിലയിലായിരുന്നു. പിന്നീട് ഇളയമകളാണു പിറകുവശത്തെ വാതില്‍ തുറന്നുകൊടുത്തത്. ഈ സമയത്താണു കുട്ടിയെ ബോധരഹിതനായ നിലയില്‍ കണ്ടെത്തിയത്. തൊട്ടടുത്ത് ഗുരുതരമായി പരിക്കേറ്റ നിലയില്‍ ദീപ്തിദാസിനെ ചോരവാര്‍ന്നു കിടക്കുന്നതായും കണ്ടെത്തി.

ഉടന്‍തന്നെ രണ്ടുപേരെയും ആശുപത്രിയിലെത്തിച്ചെങ്കിലും ഋത്വിക് മരിച്ചതായി സ്ഥിരീകരിച്ചു. ദീപ്തിദാസിനെ തൃശൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇവര്‍ സ്വയം മുറിവേല്‍പ്പിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചതാണെന്നാണു വിവരം. ഇവര്‍ മാനസികാസ്വാസ്ഥ്യത്തിനു ചികിത്സ തേടിയിരുന്നുവെന്നും പോലിസ് പറയുന്നുണ്ട്.