പരപ്പനങ്ങാടി: താനൂര്‍ റോഡില്‍ പൂരപ്പുഴ പാലത്തിനു സമീപംറോഡരികില്‍ കൂട്ടിയിട്ട മരത്തടികള്‍ക്ക് വീണ്ടും തീപ്പിടിച്ചു. വര്‍ഷങ്ങള്‍ക്ക് മുമ്പ് റോഡ് വികസനത്തിന് വേണ്ടി മുറിച്ചിട്ട വന്‍ ചീനിമരത്തിന്റെ തടികള്‍ അധികൃതര്‍ ഉപേക്ഷിച്ചുപോവുകയായിരുന്നു. അതിന് ശേഷം പ്രദേശത്തെ കച്ചവടക്കാര്‍ക്കും വീട്ടുകാര്‍ക്കും കാല്‍നട യാത്രക്കാര്‍ക്കും മരത്തടികള്‍ ഭിഷണിയായിരുന്നു. ഇതുസംബന്ധിച്ച് നിരവധി തവണ അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടും മാറ്റാന്‍ ഒരു നടപടിയുമുണ്ടായിട്ടില്ല. ഇന്നലെ ഉച്ചയോടെയാണ് മരക്കൂട്ടത്തിന് തീപ്പിടിച്ചത്.
രണ്ടുദിവസം മുമ്പ് തീപടര്‍ന്നപ്പോള്‍ വിവരം നാട്ടുകാര്‍ വിളിച്ചറിയിച്ചതിനെ തുടര്‍ന്ന് താനൂരില്‍നിന്നെത്തിയ ഫയര്‍ഫോഴ്‌സ് സംഘം തീയണയ്ക്കുകയായിരുന്നു. ഇപ്പോള്‍ വീണ്ടും കത്തിക്കൊണ്ടിരിക്കുകയാണ്. മാസങ്ങള്‍ക്ക് മുമ്പും ഇതുപോലെ ദിവസങ്ങളോളം മരത്തിന് തീപ്പിടിച്ചിരുന്നു. തീപ്പിടിത്തത്തിന്റെ കാരണം വ്യക്തമല്ല. തീപടര്‍ന്ന് നശിച്ച മരത്തടികളും ശേഷിക്കുന്നവയും എത്രയും പെട്ടെന്ന് നീക്കം ചെയ്യാന്‍ അധികൃതര്‍ തയ്യാറാവണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.